5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Piravi: 68-ാം പിറന്നാൾ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്; കേരളത്തിനുമുണ്ട് ഒരുപാട് കഥ പറയാൻ

Kerala Piravi 2024: നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർഗോഡ് എന്നിവ ചേർന്ന് ഇന്ന് നാം കാണുന്ന കേരളം രൂപം കൊണ്ടത് 1956 നവംബർ ഒന്നിനാണ്.

Kerala Piravi: 68-ാം പിറന്നാൾ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്; കേരളത്തിനുമുണ്ട് ഒരുപാട് കഥ പറയാൻ
Representational Image (Image Credits: Facebook Image)
nandha-das
Nandha Das | Updated On: 31 Oct 2024 12:03 PM

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് 68-ാം പിറന്നാൾ. കേരള സംസ്ഥാനം രൂപീകരിച്ച ദിനമായ നവംബർ ഒന്നിനാണ് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർഗോഡ് എന്നിവ ചേർന്ന് ഇന്ന് നാം കാണുന്ന കേരളം രൂപം കൊണ്ടത് 1956 നവംബർ ഒന്നിനാണ്. സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് കേരളം ഉണ്ടായത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക കാലഘട്ടത്തിൽ കേരളം നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നാട്ടുരാജ്യങ്ങളായ തിരുവിതാകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർഗോഡ് എന്നിങ്ങനെ ആയിരുന്നു. ഈ നാല് പ്രദേശങ്ങളിലെയും ജനങ്ങൾ പൊതുവായ സംസ്ക്കാരവും, ഭാഷയും ഉൾക്കൊള്ളുന്നവരുമായിരുന്നു. അതിനാൽ, ഭാഷ, ചരിത്രം, ഐതീഹ്യം എന്നിവയുടെ അടിസ്ഥാനത്തിൽ മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് ഐക്യകേരള സംഘടന.

അങ്ങനെ കേരള സംസഥാനം രൂപീകരിക്കുക എന്ന ഉദ്ദേശത്തോടു കൂടി 1921-ൽ കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കേരളപ്രദേശ്‌ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന്, രാഷ്ട്രീയ സമ്മേളനങ്ങളിൽ മറ്റും ഇത് സ്ഥിരം ചർച്ചയായി. 1928-ൽ എറണാകുളത്ത് ചേർന്ന നാട്ടു രാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാൻ സമ്മേളനത്തിലും പ്രധാന വിഷയം ഐക്യ കേരളം തന്നെ ആയിരുന്നു. തുടർന്ന്, ഇതിനായുള്ള പ്രമേയങ്ങൾ പാസാക്കി. അതേവർഷം, ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലും കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഉയർന്നു.

1930-കളിൽ എല്ലാ കോണുകളിൽ നിന്നും ‘കേരളം’ എന്ന ആവശ്യത്തിന് ജനപിന്തുണ ലഭിച്ചു തുടങ്ങി. മലബാറിൽ നിന്നുമടക്കം ശക്തമായ പിന്തുണയാണ് ലഭിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, കർഷകർ, തൊഴിലാളികൾ എന്നിവരും പൂർണ പിന്തുണ അറിയിച്ചു. എന്നാൽ, ഐക്യ കേരളത്തിന് കൂടുതൽ കരുത്ത് പകരുന്ന മുന്നേറ്റങ്ങൾ ഉണ്ടായത് 1940-കളിലാണ്. 1945-ൽ കെപിസിസിയുടെയും കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെയും തിരുവിതാകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും സംയുക്ത യോഗം, ഐക്യകേരള രൂപീകരണത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു. തുടർന്ന്, 1947-ൽ തൃശ്ശൂരിൽ ഐക്യകേരള കൺവെൻഷനും നടത്തി. ഇതിൽ അധ്യക്ഷത വഹിച്ചത് ഐക്യകേരള തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന കൊച്ചി മഹാരാജാവ് കേരളവർമയായിരുന്നു.

ALSO READ: ഇനി ഉത്സവത്തിന് വെടിക്കെട്ട് ഉണ്ടാകില്ലേ…വെടിക്കെട്ട് ലൈസൻസിനു പരീക്ഷ, പുതിയ ചട്ടങ്ങൾ ഇങ്ങനെ…

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം കെ കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നെഹ്‌റുവിനെ സന്ദർശിച്ച്, കേരള സംസ്ഥാനം ഉടൻ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന്, 1948-ൽ ഭാഷ സംസ്ഥാനം രൂപീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‍നങ്ങൾ പഠിക്കാനായി, ഭരണഘടന നിർമാണസഭ നിയമിച്ച ജസ്റ്റിസ് എസ്.കെ.ദാർ കമ്മീഷൻ കേരളത്തിൽ എത്തി. ദാർ കമ്മീഷന്റെ റിപ്പോർട്ട് ഐക്യകേരള സമിതിക്ക് അനുകൂലമായിരുന്നു.

അങ്ങനെ, 1949 ജൂലായ് ഒന്നിന് ദാർ കമ്മീഷന്റെ ശുപാർശ പ്രകാരം നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാകൂറും സംയോജിച്ച്, തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നു. ഇതായിരുന്നു ഐക്യകേരളമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടി. പിന്നീട് വർഷങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ, 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. കേരളം നിലവിൽ വന്ന സമയത്ത്, രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് കേരളം ആയിരുന്നു. അന്ന് കേരളത്തിൽ വെറും അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് 9 ജില്ലകൾ കൂടി വന്ന് 14 മൊത്തം ജില്ലകളായത്. 1957 ഫെബ്രുവരി 28നാണ് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങനെ, ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ആദ്യ സർക്കാർ  അധികാരത്തിൽ വന്നു.

 

Latest News