Rahul Mamkoottathil: രാഹുൽ ലൈംഗിക വൈകൃതക്കാരൻ, സംഭവിച്ചത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്! മുഖ്യമന്ത്രി
Rahul Mamkoottathil: രാഹുലിനെ പിടികൂടാൻ പോലീസിന് സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം...
രാഹുൽ മാങ്കൂട്ടത്തലിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും രാഹുലിന് സംരക്ഷണം ഒരുക്കിയത് വെട്ടുകിളിക്കൂട്ടം എന്നും മുഖ്യമന്ത്രി വിമർശിച്ചു. പോലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. രാഹുലിനെ പിടികൂടാൻ പോലീസിന് സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അതേസമയം രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കും എന്ന് റിപ്പോർട്ട്.
വനിത ഐപിഎസ് ഉദ്യോഗസ്ഥ ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ബെഞ്ചിന്റെ പരിഗണനയിൽ ഹർജി എത്തിക്കാനാണ് രാഹുലിന്റെ അഭിഭാഷകർ ശ്രമിക്കുന്നത്. കസ്റ്റഡിയിലുള്ള രാഹുലിന്റെ പി എ ഡ്രൈവർ എന്നിവരെ എസ് ഐ ടി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഹുലിന്റെ ഒളിത്താവളവും ആരൊക്കെ സഹായിച്ചു എന്ന് അടക്കമുള്ള വിശദാംശങ്ങൾ ഇവരിൽ നിന്നും ലഭിക്കുമെന്നും സൂചന.
എന്നാൽ രാഹുല്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. അതിനിടെ രാഹുലിനെ കസ്റ്റഡിയിലെടുത്തതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ രാഹുലിനെ ഹാജരാക്കുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു.ഒപ്പം പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും, പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരും പ്രദേശത്ത് ക്യാമ്പ് ചെയ്തു.
എന്നാല്‍ പിന്നീട് രാഹുല്‍ കസ്റ്റഡിയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. രാഹുലിന്റെ ഒളിയിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പാലക്കാട് എംഎല്‍എ ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.