പഴയ യുഡിഎഫ് കാലത്ത് ഗുരുതര ചട്ടലംഘനമെന്ന് ബി അശോക്; വേലിയിലിരുന്ന പാമ്പിനെ തോളത്തെടുത്തുവച്ച നിലയിൽ കോൺഗ്രസ്
Kerala Power crisis: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കിയതാണെന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളാണ് അത് ഇല്ലാതാകാൻ കാരണമെന്നും മുൻ കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ യുഡിഎഫ് സർക്കാരിനെതിരേ ബി അശോക് രംഗത്തെത്തിയത്.

B Ashok Alleges Serious Rule Violations During The Tenure Of The Previous Udf Government
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കെ, യുഡിഎഫ് സർക്കാരിന് കനത്ത തിരിച്ചടിയായി മുൻ കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോകിന്റെ പ്രതികരണം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും വൈദ്യുതി പ്രതിസന്ധിയിൽ പ്രതിരോധം ഉയർത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ സർക്കാരിന്റെ ഈ വാദത്തെ പൊളിക്കുന്ന നിലയിലുള്ള പ്രസ്താവനയാണ് നിലവിലെ കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറികൂടിയായ ബി അശോക് നടത്തിയിരിക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് കാരണം നിയമപ്രശ്നങ്ങളാണ് എന്നും ഉദ്യോഗസ്ഥരാണ് അതിന് കാരണമെന്നും നിലവിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നുവെന്നും കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത് എന്നും പിണറായി വ്യക്തമാക്കിയിരുന്നു.
ഉദ്യോഗസ്ഥരാണ് കരാർ റദ്ദാകാൻ കാരണമെന്ന പിണറായിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ബി അശോക് രംഗത്തെത്തി. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡോ. ബി അശോക് ആരോപിക്കുകയും ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ തനിക്കു യാതൊരു പങ്കുമില്ല എന്ന് അവകാശപ്പെടുകയും ചെയ്തു.
കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം ഓർമ്മപ്പിശക് കൊണ്ടാകാം എന്നും ബി അശോക് പ്രതികരിച്ചിരുന്നു. എന്നാൽ ബി അശോകിന്റെ വാദം പൊളിക്കുന്ന നിലയിൽ 2022 ജൂലൈ 16ന് കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. ബി അശോക് കരാറിനെതിരായി സർക്കാരിന് എഴുതിയ കത്ത് പങ്കുവച്ച് വികെ സനോജ് എംഎൽഎ രംഗത്തെത്തി. 465 MW വൈദ്യുതി വാങ്ങൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് പുനഃപരിശോധന ആവശ്യപ്പെടുന്നതായിരുന്നു ആ കത്ത്.
അന്ന് “കരാർ പുനഃപരിശോധിക്കണം” എന്ന് പറഞ്ഞ ആൾ ഇന്ന് പറയുന്നത് “ഉദ്യോഗസ്ഥ വീഴ്ചയൊന്നുമില്ല” എന്നാണെന്ന് സനോജ് ഫെയ്സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മുൻ യുഡിഎഫ് സർക്കാരിനെതിരേ ബി അശോക് രംഗത്തെത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഈ കരാർ റദ്ദാക്കിയതാണെന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളാണ് അത് ഇല്ലാതാകാൻ കാരണമെന്നും അഭിമുഖത്തിൽ അശോക് വ്യക്തമാക്കി.
മുൻ കരാറിന്റെ പേര് പറഞ്ഞ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്ന സർക്കാരിന്റെ ചീട്ട് കീറി എന്ന് മാത്രമല്ല, മുൻ സർക്കാരിന്റേത് ഗുരുതര വീഴ്ചയാണ് എന്ന് കൂടി ബി അശോക് പ്രതികരിച്ചതോടെ സർക്കാരിന്റെയും കോൺഗ്രസിന്റെയും നില ആകെ പരുങ്ങലിലായി. രണ്ട് നിലയിലുള്ള നാണക്കേടാണ് ബി അശോകിന്റെ പ്രസ്താവന കോൺഗ്രസിനും സർക്കാരിനും വരുത്തി വച്ചിരിക്കുന്നത്.
ഒന്ന് സർക്കാർ ഇതുവരെ പ്രതിരോധത്തിനായി ഉയർത്തിയിരുന്ന ക്യാപ്സ്യൂൾ മുഴുവനായി പൊളച്ചുകളഞ്ഞു, രണ്ട് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എന്തോ അരുതാത്തത് നടന്നു എന്ന ഒരു തോന്നൽ സൃഷ്ടിക്കപ്പെട്ടു. അശോകിന്റെ പുതിയ പ്രസ്താവന വരുത്തിവച്ച ഈ രണ്ട് ഡാമേജും യുഡിഎഫ് ഇനി പ്രതിരോധിക്കേണ്ടിവരും. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ബി അശോക്.
സർക്കാർ സർവീസിലുള്ള ഒരാൾക്കുണ്ടാകേണ്ട മിനിമം മര്യാദ പാലിക്കാൻ തയ്യാറാകാതെ, സർക്കാരിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിക്കുന്നു എന്ന കാരണം മുൻ നിർത്തിയാണ് അശോകിനെ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നീട് പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അശോകിനെ തിരിച്ചെടുക്കുകയും ഏറെ പ്രധാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിൽ നിയമിക്കുകയും ചെയ്തു.
അച്ചടക്കമില്ലാതെ പ്രതികരിച്ചു എന്ന കുറ്റത്തിന് മുൻപ് സസ്പെൻഷൻ വാങ്ങിയ ബി അശോകിന്റെ പുതിയ പ്രതികരണം ഇപ്പോൾ കുഴപ്പത്തിലാക്കിയിരിക്കുന്നത് തിരിച്ചെടുത്ത യുഡിഎഫ് സർക്കാരിന് തന്നെയാണ്. ഇതോടെ വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളത്ത് വച്ച അവസ്ഥയാണ് അശോകിന്റെ കാര്യത്തിൽ യുഡിഎഫിന് ഉണ്ടായിരിക്കുന്നത് എന്ന ആഹ്ലാദത്തിലാണ് എൽഡിഎഫ് അണികൾ.
ബി അശോകിന്റെ കാര്യത്തിൽ തങ്ങൾ മുൻപ് സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്നതാണ് സർക്കാരിനെതിരേയുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്ന് എൽഡിഫ് സന്തോഷിക്കുന്നു. ഒപ്പം സർക്കാരിനെ അടിക്കാൻ സർക്കാരിന്റെ തന്നെ പ്രിയ ഉദ്യോഗസ്ഥനായ അശോകിനെ വടിയായി കിട്ടിയത് എൽഡിഎഫ് സന്തോഷം ഇരട്ടിയാക്കുന്നു. വൈദ്യുതി വിഷയത്തിൽ ബി അശോകിന്റെ പുതിയ പ്രതികരണം ഇതിനകം എൽഡിഎഫ് ഏറ്റെടുത്ത് വിഡി സതീശൻ സർക്കാരിനെതിരേ ആയുധമാക്കിയിട്ടുണ്ട്.
English Summary
Former KSEB Chairman Dr. B. Ashok stated that the claim attributing the current power crisis to the cancellation of a contract from the Oommen Chandy government’s tenure is far from reality; instead, the contract was scrapped due to serious legal and technical flaws. He made these remarks regarding the former UDF government during an interview with a television channel.