Kerala Power Cut: വിളക്കും തീപ്പെട്ടിയും മെഴുകുതിരിയും വീശാൻ പാളയും റെഡിയല്ലേ! ഇന്നും ഉണ്ട് കരണ്ട് കട്ട്
Kerala Power Cut: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. 14 ജില്ലകളിലും വൈകിട്ട് 6.30 മുതൽ പുലർച്ചെ 2 വരെയുള്ള സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വിവിധ സെക്ഷനുകളിൽ വിവിധ സമയങ്ങളിലാണ് മുടക്കം. കൃത്യമായ സമയം കെഎസ്ഇബി അധികൃതർ ഉപയോക്താക്കളെ എസ്എംഎസിലൂടെ അറിയിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. 14 ജില്ലകളിലും വൈകിട്ട് 6.30 മുതൽ പുലർച്ചെ 2 വരെയുള്ള സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വിവിധ സെക്ഷനുകളിൽ വിവിധ സമയങ്ങളിലാണ് മുടക്കം. കൃത്യമായ സമയം കെഎസ്ഇബി അധികൃതർ ഉപയോക്താക്കളെ എസ്എംഎസിലൂടെ അറിയിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപയോഗം വൈകുന്നേരങ്ങളിൽ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കുറവ് നേരിടുന്ന സാഹചര്യം ഉൾപ്പെടെ മുൻനിർത്തി പീക്ക് ടൈമിൽ നിയന്ത്രണം ആവശ്യമാണ് എന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.
പവർ എക്സ്ചേഞ്ചിലൂടെ കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ട്. ഇത് നിയന്ത്രണത്തിലേക്ക് നയിക്കുന്നു എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ഇന്ന് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് വിവരം. മധ്യപ്രദേശിൽ നിന്നും കൈമാറ്റകരാർ (SWAP) വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി നേരിടുന്നു.
ALSO READ: പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു. ഇവയെല്ലാം മൂലം ഇന്നും വൈദ്യുതി നിയന്ത്രണം തുടരേണ്ട നിലയാണ് ഉള്ളത്.
കഴിഞ്ഞ ദിവസം രാത്രി 10:30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിന് തുല്യമാണെന്ന് അധികൃതർ വിശദീകരിക്കുന്നു. വൈദ്യുതി ഉപയോഗം രാത്രിയിൽ പരമാവധി കുറയ്ക്കാൻ കെഎസ്ഇബി ഉപയോക്താക്കളോട് അഭ്യർഥിച്ചിട്ടുണ്ട്. ”എസിയുടെ താപനില ഓരോ ഡിഗ്രി ഉയർത്തുമ്പോഴും 5% വരെ വൈദ്യുതി ലാഭിക്കാം, 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ സെറ്റ് ചെയ്യുന്നത് ആരോഗ്യപരമായും ഗുണകരമാണ്”- എന്നിങ്ങനെയുള്ള നിർദേശങ്ങളും കെഎസ്ഇബി മുന്നോട്ട് വച്ചിട്ടുണ്ട്.
വൈദ്യുതി മുടക്കം ഇപ്പോൾ പതിവായതിനാൽ ആവശ്യമായ സജ്ജീകരണങ്ങൾ ഉപയോക്താക്കൾ വീടുകളിൽ കരുതിത്തുടങ്ങിയിട്ടുണ്ട്. വീടുകളിൽ ഇൻവെർട്ടർ ഇല്ലാത്ത സാധാരണക്കാർ വൈകുന്നേരമാകുമ്പോഴേക്കും വിളക്ക്, തീപ്പെട്ടി, മെഴുകുതിരി, ഉഷ്ണത്തിന് വീശാൻ പാള എന്നിങ്ങനെ സാധ്യമായ സജ്ജീകരണങ്ങളുമായി വൈദ്യുതി മുടക്കത്തെ നേരിടാൻ തയാറെടുക്കുന്നു. ഈ മാസം 30 വരെ വൈദ്യുതി മുടക്കം തുടരേണ്ടിവരും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
English Summary
Power outages will occur in the state today as well. Power restrictions may be imposed in all 14 districts at any time between 6:30 PM and 2:00 AM. The interruptions will take place at different times across various sections. The government has directed KSEB officials to inform consumers of the specific timings via SMS.