Kerala Rain Alert: തീവ്ര ന്യൂനമർദം: അടുത്ത ദിവസങ്ങളിൽ പെരുമഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala Rain Alert Today July 18th: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ കാസർഗോഡ് ഉപ്പള, മൊഗ്രാൽ, ഷിറിയ എന്നീ നദീതീരങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കേരളത്തിൽ ജൂലൈ 21 വരെ അതിശക്തമായ മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ഇന്ന് (ജൂലൈ 18) നാല് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, നാളെ (ജൂലൈ 18) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
ഞായറാഴ്ച കണ്ണൂരും കാസർഗോഡും റെഡ് അലർട്ടാണ്. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ALSO READ: സ്കൂൾ വളപ്പിലെ കെട്ടിട തകർന്നു; പൊളിഞ്ഞുവീണത് ഉപയോഗിക്കാത്ത കെട്ടിടം, സംഭവം കടമനിട്ടയിൽ
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ കാസർഗോഡ് ഉപ്പള, മൊഗ്രാൽ, ഷിറിയ എന്നീ നദീതീരങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം അവിടെ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ 21 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.