Kerala Weather Update: ഇന്ന് പരക്കെ മഴ! ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ തകർക്കും
Kerala Rain Alert Today: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും വേനൽമഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് തെല്ലൊരു ആശ്വാസമേകി ഇന്ന് മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഗ്രീൻ അലർട്ട് നിലനിർക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന്, കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും വേനൽമഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തെക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും ആകാശം പൊതുവെ മേഘാവൃതമായാണ് കാണപ്പെടുന്നത്. എന്നാൽ പകൽ സമയത്തെ ചൂട് ശക്തമാണ്. വേനൽമഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതിനാൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ നിൽക്കുന്നതും ഒഴിവാക്കുക.
ALSO READ: കൊടുംചൂടിൽ വലയേണ്ട, ഇവിടെയെല്ലാം മഴ എത്തും; ഇന്നത്തെ കാലാവസ്ഥ
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. അതേസമയം, മറ്റ് ജില്ലകളിൽ ശക്തമായ ചൂട് തന്നെയാണ് രാത്രിയും പകലും അനുഭവപ്പെടുന്നത്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കുക.
പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത്. ദാഹമില്ലെങ്കിലും ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കൈയ്യിൽ കരുതണം.