Kerala Rain Alert: മഴ തിരുമ്പി വന്തിട്ടേൻ? സംസ്ഥാനത്തെ ഈ ജില്ലകളിൽ മുന്നറിയിപ്പ്
Kerala Rain Alert Today: പുതുക്കിയ അറിയിപ്പ് പ്രകാരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നേരിയ മഴയ്ക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. പുതുക്കിയ അറിയിപ്പ് പ്രകാരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
ALSO READ: വീണ്ടും പച്ചപിടിച്ച് മഴമുന്നറിയിപ്പ്, ഈ ജില്ലക്കാർ ഒന്നു ശ്രദ്ധിക്കുക
തണുപ്പു കുറയുമോ?
സംസ്ഥാനത്ത് മഴ ശമിച്ചതോടെ തണുപ്പ് ശക്തിയാർജ്ജിക്കുകയായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മലയോര മേഖലയടക്കമുള്ള കേരളത്തിലെ മിക്ക ജില്ലകളിലും കൊടും ശൈത്യമാണ് അനുഭവപ്പെട്ടത്. എന്നാൽ നിലവിലെ തണുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഫെബ്രുവരി മാസം വരെ തണുപ്പ് തുടരുമെന്നാണ് നേരത്തെയുള്ള മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്.
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തുടർച്ചയായ നാല് ദിവസമാണ് താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസിൽ രേഖപ്പെടുത്തിയത്. വൈകുന്നേരം 5 മണി മുതൽ തന്നെ ഇവിടെ അതിശൈത്യമാണ് രേഖപ്പെടുത്തുന്നത്. ലാ നിന പ്രതിഭാസമാണ് ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന പ്രതിഭാസം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ശൈത്യത്തിന് കാരണമാകുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്നു.