Kerala Sawari Online Ambulance: ആംബുലൻസും ഇനി ഓൺലൈൻ; സർക്കാർ അംഗീകൃത നിരക്ക് മാത്രം ഈടാക്കും
Kerala Sawari Online Ambulance Booking: ആശുപത്രിയിലേക്ക് ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ഓൺലൈനിൽ ആംബുലൻസ് ബുക്ക് ചെയ്യാൻ സാധിക്കും. സംസ്ഥാനത്ത് സ്വകാര്യമേഖലയിലായി 9000 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം: അത്യാവശ്യ സാഹചര്യങ്ങളിൽ ആംബുലൻസും ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാം. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി പ്ലാറ്റ്ഫോം ആയ കേരള സവാരി വഴി ആണ് ആംബുലൻസ് ബുക്കിംഗ് ഓൺലൈനിലൂടെ സാധ്യമാകുന്നത്. സേവന വ്യവസ്ഥകൾ തയ്യാറാക്കുന്നതിനായി തൊഴിലാളി സംഘടനയുമായി ചർച്ച നടന്നു. വ്യവസ്ഥകളിൽ ധാരണയായി എന്നാണ് റിപ്പോർട്ട്. സർക്കാർ അംഗീകൃത നിരക്കാകും ഓൺലൈൻ ആംബുലൻസ് സർവീസിനായി ഈടാക്കുക.
നിലവിൽ 108 ആംബുലൻസിന്റെ സംവിധാനം ഉള്ളതിനാൽ ആദ്യഘട്ടത്തിൽ അടിയന്തര സേവനങ്ങൾക്ക് ഓൺലൈൻ ആംബുലൻസ് സർവീസ് ഉണ്ടാകില്ല. അതേസമയം ആശുപത്രിയിലേക്ക് ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ഓൺലൈനിൽ ആംബുലൻസ് ബുക്ക് ചെയ്യാൻ സാധിക്കും. സംസ്ഥാനത്ത് സ്വകാര്യമേഖലയിലായി 9000 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്.
ഇവയുടെ രജിസ്ട്രേഷനും കണക്കെടുപ്പ് മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിരുന്നു. വാട്ടർ മെട്രോ ഉൾപ്പെടെയുള്ള വിവിധ രീതിയിലുള്ള പൊതു ഗതാഗത സംവിധാനങ്ങളെ ഒറ്റ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ സേവനങ്ങൾ ഒരു മാസത്തിനുള്ളിൽ കേരള സവാരിയിലേക്ക് ഉൾപ്പെടുത്തും. മെട്രോ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ എന്നിവയുടെ ടിക്കറ്റ് കേരള സവാരി മൊബൈൽ ആപ്പ് വഴി ലഭ്യമാകുന്നതാണ്.
ALSO READ: മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും; 10 മണിക്ക് പ്രതിഷേധ യോഗം
അതിനിടയിൽ കേരള സവാരി വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ഓൺലൈൻ ടാക്സികൾ വീണ്ടും നിരക്ക് കുറച്ചു. സർക്കാർ അംഗീകരിച്ച നിരക്ക് ഈടാക്കിയിരുന്ന സ്വകാര്യ ടാക്സിക്കാർ ഇപ്പോൾ പൊതുനിരക്കിനേക്കാൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നത്. യാത്രക്കാരും ഡ്രൈവർമാരും കേരള സവാരി തിരഞ്ഞെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ ശ്രമം. ഇതിന് പിന്നാലെ സ്വകാര്യ ടാക്സികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്.
കൂടാതെ പരമ്പരാഗത ടാക്സി ഡ്രൈവർമാരെ തഴഞ്ഞ് ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നവരും കൂടുതലായി. മൂന്നാർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇത് വലിയ തർക്കത്തിനാണ് ഇടയാക്കിയത്. അതേസമയം കഴിഞ്ഞയാഴ്ച വീണ്ടും പ്രവർത്തനം ആരംഭിച്ച കേരളസവാരിയിൽ ഇതിനകം തന്നെ 4000 അധികം ഡ്രൈവർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ രണ്ടായിരത്തിലധികം ട്രിപ്പുകൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു.