Kerala Weather Forecast: മഴ കാത്ത് കേരളം; തണുപ്പും ചൂടും ഒരുപോലെ, വരും ദിവസങ്ങളിലെ കാലവസ്ഥ
Kerala Weather Forecast On Malayalam: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായതിനാൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം വൈകുന്നേരത്തോടെ മിക്ക സ്ഥലങ്ങളിലും തണുപ്പാണ് രേഖപ്പെടുത്തുന്നത്. മലയോര പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴേക്കാണ്.
തിരുവനന്തപുരം: മഴ കാത്ത് കേരള മണ്ണ്. സംസ്ഥാനത്ത് ഇന്നും ഒരു ജില്ലകളിലും (Kerala Weather Forecast) മഴ മുന്നറിയിപ്പില്ല. കാലാവസ്ഥ വുകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
Also Read: മഴ മാറി, ക്രിസ്മസ് ദിനത്തിൽ വെയിലും തണുപ്പും ഒന്നിച്ച്; ഇന്നത്തെ കാലാവസ്ഥ….
തണുപ്പും ചൂടും ഒരുപോലെ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായതിനാൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം വൈകുന്നേരത്തോടെ മിക്ക സ്ഥലങ്ങളിലും തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാത്രിയിലും വെളിപ്പിനെയും അതിശൈത്യമാണ്. പ്രത്യേകിച്ച് മലയോര മേഖലകളായ ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ.
മലയോര പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴേക്കാണ്. മൂന്നാറും പരിസര പ്രദേശങ്ങളിലും പൂജ്യം വരെ താപനില എത്തിയിരുന്നു. ശൈത്യം കടുത്തതോടെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഡിസംബർ അവസാനമായതോടെ അവധി ആഘോഷിക്കാൻ എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം നിലവിലെ ശൈത്യം വരും ദിവസങ്ങളിൽ കൂടാനാണ് സാധ്യത. മകരമാസം എത്തുന്നതോടെ വീണ്ടും തണുപ്പ് വർദ്ധിക്കും. ശബരിമലയിലും സമാന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാത്രിസമയങ്ങളിലെ അതിശൈത്യം അയ്യപ്പ ഭക്തർക്ക് വെല്ലുവിളിയാകുന്നുണ്ട്. കൂടാതെ മഞ്ഞു മൂടിയ റോഡിലൂടെയുള്ള വാഹന യാത്രയും ദുസ്സഹമായി മാറിയിരിക്കുകയാണ്.