Kerala Rain Alert: തൃശൂരിൽ മിന്നൽ ചുഴലി, സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
IMD Issues Red Alert for Northern Districts: തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. രാത്രികാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ തൃശൂർ ജില്ലയിലെ വില്ലടം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മേൽക്കൂരകൾ തകരുകയും ചെയ്തു. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അധ്യാപകരുടെയും ഓട്ടോ ഡ്രൈവർമാരുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.
അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് (ജൂൺ 9) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ടുകൾ
വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ വലിയ അപകടങ്ങൾ മുന്നിൽക്കണ്ട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (115.6 mm മുതൽ 204.4 mm വരെ മഴ). മധ്യ-തെക്കൻ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മഞ്ഞ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read – Trawling Ban in Kerala: തീരമണഞ്ഞ് ബോട്ടുകൾ… സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
ജൂൺ 10, 11 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ജാഗ്രത തുടരും. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത അല്പം കുറയുമെങ്കിലും വടക്കൻ മലബാറിലും വിനോദസഞ്ചാര മേഖലകളിലും ജാഗ്രത തുടരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിൽ ഈ രണ്ട് ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള (64.5 mm മുതൽ 115.5 mm വരെ) സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളിൽ മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക അലർട്ടുകൾ ഒന്നും തന്നെയില്ല.
ജൂൺ 12 വെള്ളിയാഴ്ച മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയുള്ള എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയാണ് വെള്ളിയാഴ്ച ജാഗ്രത പാലിക്കേണ്ട ജില്ലകൾ.
ജാഗ്രത നിർദേശങ്ങൾ
തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. രാത്രികാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക. ജലാശയങ്ങൾക്ക് സമീപം സെൽഫി എടുക്കാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.
മിന്നൽ ചുഴലി സാധ്യത നിലനിൽക്കുന്നതിനാൽ മരങ്ങളുടെ ചുവട്ടിലും വലിയ പരസ്യബോർഡുകൾക്ക് താഴെയും വൈദ്യുതി ലൈനുകൾക്ക് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കുക. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബി-യെ അറിയിക്കുക.
English Summary
The IMD has issued a red alert for Kozhikode, Kannur, and Kasaragod today, warning of extremely heavy rainfall exceeding 204.4 mm, alongside orange and yellow alerts for several central and southern districts. While the rain’s intensity is expected to slightly ease into yellow alerts for northern Kerala on June 10 and 11, precipitation will expand back to eight districts by June 12, keeping authorities on high alert for flash floods and landslides.