Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Kerala Weather Update Today Evening: നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വരും ദിവസങ്ങളിലും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, കേരളത്തിൽ ഏഴാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂട് ശക്തമാകുന്നു
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ ചൂട് കടുക്കാനാണ് സാധ്യത. പകൽ സമയങ്ങളിൽ ശക്തമായ ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മഴയെ വെല്ലുന്ന ചൂടാണുള്ളത്. അതുപോലെ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില കൂടുതലാണ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുകയും വേണം.