Kerala Rain Alert: മഴ മുന്നറിയിപ്പില്‍ മാറ്റം! വടക്കന്‍ കേരളത്തില്‍ പേമാരി ശക്തമാകും; യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍
Heavy Rainfall Alert in Kerala (Sept 25) : കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ ഇന്നും (സെപ്തംബര്‍ 25) വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ) സാധ്യതയുണ്ട്. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്തംബര്‍ 28 വരെയുള്ള മഴ പ്രവചനമാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. 26 മുതല്‍ 28 വരെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല.
കേരളത്തില്‍ നാളെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു വലിയ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായി വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അതീവ അപകടകാരിയായ പ്രതിഭാസമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണുന്ന നിമിഷം തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറിനിൽക്കേണ്ടതാണ്.
- മിന്നലുള്ള സമയങ്ങളിൽ ഒരു കാരണവശാലും തുറസ്സായ ഇടങ്ങളിൽ തുടരരുത്. കനത്ത മിന്നലും ശക്തമായ കാറ്റും ഉള്ളപ്പോൾ വീടുകളുടെയും കെട്ടിടങ്ങളുടെയും വാതിലുകളും ജനലുകളും അടച്ചിടണം.
- ജനലുകൾക്കും വാതിലുകൾക്കും അടുത്ത് നില്‍ക്കരുത്. ഭിത്തികളിലോ തറയിലോ സ്പർശിക്കാതിരിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.
- ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കേണ്ടതുണ്ട്. മിന്നലുള്ള സമയം വൈദ്യുതോപകരണങ്ങളുടെ സമീപത്ത് നിൽക്കുന്നതും അവ ഉപയോഗിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. ടെലിഫോണുകൾ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല.
- ഇടിമിന്നൽ സമയത്ത് ഒരു കാരണവശാലും വൻമരങ്ങളുടെ ചുവട്ടിൽ നില്‍ക്കാനോ, അത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ തുനിയരുത്.
Also Read: Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
കള്ളക്കടല്‍ പ്രതിഭാസം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.3 മുതല്‍ 1.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ പ്രതീക്ഷിക്കാം. കന്യാകുമാരി തീരത്തും നാളെ രാത്രി വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
English Summary
The Meteorological Department has issued a yellow alert for five districts in Kerala today, September 25. The warning applies to the northern districts of Malappuram, Kozhikode, Wayanad, Kannur, and Kasaragod. These areas are expected to receive heavy rainfall ranging from 115.6 mm to 204.4 mm in 24 hours. Residents in isolated locations across these regions should remain cautious of sudden heavy downpours.