Kerala Weather Update: കൊട്ടിക്കലാശത്തിനിടെ മഴ പെയ്യുമോ? എട്ട് ജില്ലകളിൽ ചൂടുകനക്കും
Kerala Rain Alert: ചൂട് കൂടുന്നത് സൂര്യതാപം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക പ്രകാരം, കോന്നി, ചെങ്ങന്നൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്. ചൂട് കൂടുന്നത് സൂര്യതാപം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് മുതൽ ഏപ്രിൽ 9 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക പ്രകാരം, കോന്നി, ചെങ്ങന്നൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നൽകി.
ALSO READ: ചുട്ടുപൊള്ളുന്ന ചൂട്… ഇന്ന് മഴ പെയ്യുമോ?; സംസ്ഥാനത്തെ കാലാവസ്ഥ ഇങ്ങനെ
മഴ മുന്നറിയിപ്പ്
ചൂട് കനക്കുമ്പോഴും ജില്ലകളിൽ മഴ അലർട്ടും നൽകിയിട്ടിണ്ട്. വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഒമ്പത് ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഗ്രീൻ അലർട്ട് നൽകിയിട്ടുള്ളത്. ഏപ്രിൽ 8നും ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഏപ്രിൽ 9, 10 തീയതികളിൽ എല്ലാ ജില്ലകൾക്കും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു.