AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Connolly Canal development: ഇനി കനാൽ സിറ്റി; കനോലി കനാൽ നവീകരണത്തിനായി കോടികൾ നീക്കിവെച്ചു

KIIFB Fund for Connolly Canal development: കോഴിക്കോട് നഗരത്തെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഈ വികസന പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Connolly Canal development: ഇനി കനാൽ സിറ്റി; കനോലി കനാൽ നവീകരണത്തിനായി കോടികൾ നീക്കിവെച്ചു
Connolly Canal developmentImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 16 Feb 2026 | 04:40 PM

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കനോലി കനാൽ നവീകരണ പദ്ധതിക്കും (കനാൽ സിറ്റി), ജില്ലയിലെ പ്രധാന പാതയായ പാവങ്ങാട്-കുറ്റ്യാടി റോഡ് വികസനത്തിനുമായി കിഫ്ബി വൻതുക അനുവദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. നഗരത്തിന്റെ പൈതൃകവും ആധുനികതയും കോർത്തിണക്കുന്ന ഈ പദ്ധതികൾക്കായി കോടികളാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

നഗരമധ്യത്തിലൂടെ ഒഴുകുന്ന കനോലി കനാലിനെ ലോകോത്തര നിലവാരത്തിലുള്ള ജലപാതയാക്കി മാറ്റുന്ന ‘കനാൽ സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 73.21 കോടി രൂപയാണ് അനുവദിച്ചത്. അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാഗമാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നത്. യൂറോപ്യൻ നഗരങ്ങളിലെ കനാലുകൾക്ക് സമാനമായി ജലഗതാഗതം, ചരക്കുനീക്കം, വിനോദസഞ്ചാരം എന്നിവയെ സമന്വയിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡിന്റെ (KWIL) നേതൃത്വത്തിൽ കനാൽ 14 മീറ്റർ വീതിയിലും 2.2 മീറ്റർ ആഴത്തിലും നവീകരിക്കും. ഇതോടെ നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാകുന്നതിനൊപ്പം തന്നെ ചെറിയ ബോട്ടുകൾക്കും ബാർജുകൾക്കും ഇതുവഴി സഞ്ചരിക്കാൻ സാധിക്കും.

ALSO READ:നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത ഷോ ഓഡിറ്റ് റിപ്പോർട്ടിൽ; ദേവസ്വം ബോർഡിന്റെ മറുപടി ഇങ്ങനെ

അതോടൊപ്പം തന്നെ കോഴിക്കോട് ജില്ലയിലെ ഗതാഗത വികസനത്തിൽ വലിയൊരു ചുവടുവെപ്പാണ് പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ റോഡിന്റെ നവീകരണം. ഈ പദ്ധതിക്കായി ആകെ 166.55 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. ഇതിൽ ആദ്യ ഘട്ടമായി പാവങ്ങാട് മുതൽ ഉള്ള്യേരി വരെയുള്ള 17.2 കിലോമീറ്റർ ദൂരം വികസിപ്പിക്കാനായി 82.36 കോടി രൂപ അനുവദിച്ചു.

നിലവിൽ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ അവിടെ പുരോഗമിക്കുകയാണ്. ആധുനികമായ ഡ്രൈനേജ് സംവിധാനങ്ങൾ, കാരിയേജ് വേ, വിശാലമായ നടപ്പാതകൾ, യൂട്ടിലിറ്റി കോറിഡോർ എന്നിവയടക്കമുള്ള സൗകര്യങ്ങളോടു കൂടിയാണ് ഈ പാത ഒരുങ്ങുന്നത്. രണ്ടാം ഘട്ടമായി ഉള്ള്യേരി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗം വികസിപ്പിക്കാൻ 168 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കോഴിക്കോട് നഗരത്തെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ എത്തിക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഈ വികസന പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.