സ്പാകളുടെ മറവിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകൾക്കെതിരെ കർശന നടപടിയെന്ന് രമേശ് ചെന്നിത്തല
Kerala Police to Crack Down Illegal Spas: ലൈസൻസില്ലാതെ സ്പാ എന്ന ബോർഡ് വെച്ച് പലയിടത്തും സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണ്. ഇത്തരം സ്പാകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും ലൈംഗിക ചൂഷണങ്ങളും നടക്കുന്നതായി സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ പരാതികൾ വരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകൾക്കും അനധികൃത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചി കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഇതിനകം തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ലൈസൻസില്ലാതെ സ്പാ എന്ന ബോർഡ് വെച്ച് പലയിടത്തും സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണ്. ഇത്തരം സ്പാകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും ലൈംഗിക ചൂഷണങ്ങളും നടക്കുന്നതായി സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ പരാതികൾ വരുന്നത്. ഇതിന് പുറമെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും സമാനമായ പരാതികൾ ലഭിക്കുന്നുണ്ടെന്നും, ഇത്തരം ചൂഷണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പണം തട്ടുന്ന സംഘങ്ങളെയും സെക്സ് റാക്കറ്റുകളെയും കണ്ടെത്താൻ പോലീസ് ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ശരണ്യ എന്ന അമ്മു, സഞ്ജു എന്നിവരെ ചൊവ്വാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം നാലംഗ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ വീട്ടിൽ തിരിച്ചെത്തിയ യുവതി തൻ്റെ പങ്കാളിയോട് വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘമാണ് യുവതിയെ ആക്രമിച്ചതെന്നും, പിന്നീട് കൂടുതൽ ആളുകൾ ആ മുറിയിലേക്ക് വന്നതായും പങ്കാളി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ വെക്കുകയും, തന്നെ വെറുതെ വിട്ടില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് അക്രമികൾ യുവതിയെ വിട്ടയച്ചതെന്നും പങ്കാളി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
Following the gang rape of a woman in Kalamassery, Home Minister Ramesh Chennithala warned of stringent police action against illegal spas in Kerala. The DGP has been instructed to examine the issue.