AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Student Shock Death: മിഥുൻ്റെ അമ്മ നാളെ നാട്ടിലെത്തും; പ്രതിഷേധം ശക്തം, സ്കൂളും പരിസരവും കനത്ത പോലീസ് സുരക്ഷയിൽ

Kollam Student Shock Death Latest Update: മിഥുൻ്റെ മരണവും തുടർന്നുള്ള പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തേവലക്കര സ്കൂളിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്. സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

Kollam Student Shock Death: മിഥുൻ്റെ അമ്മ നാളെ നാട്ടിലെത്തും; പ്രതിഷേധം ശക്തം, സ്കൂളും പരിസരവും കനത്ത പോലീസ് സുരക്ഷയിൽ
Thevalakkara boys school, MidhunImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Jul 2025 06:05 AM

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. അതുവരെ കുട്ടിയുടെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നിലവിൽ തുർക്കിയിലാണ് അമ്മ ജോലി ചെയ്യുന്നത്. മിഥുന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങുകയാണ് ജൻമനാട്.

അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്നത് അനുസരിച്ച് കുട്ടിയുടെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്.

മിഥുൻ്റെ മരണവും തുടർന്നുള്ള പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തേവലക്കര സ്കൂളിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്. കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകൾ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാലവകാശ കമ്മീഷൻ സ്കൂളിൽ എത്തി മിഥുൻ്റെ മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തും. സംഭവത്തിൻ്റെ അന്വേഷണ ചുമതല ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ മിഥുൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രം​ഗത്തെത്തിയിരുന്നു. 13-കാരനായ മിഥുൻ്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. കൂടാതെ കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് കനത്ത വീഴ്ചയുണ്ടായതായും മന്ത്രി സമ്മതിച്ചു. ഷെഡ് നിർമ്മിക്കുമ്പോൾ കെഎസ്ഇബിയിൽ നിന്നും അനുമതി തേടാതിരുന്നത് സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.