കോഴിക്കോട് ക്ലോക്ക് ടവര്‍ അപകടം, അവശിഷ്ടങ്ങള്‍ മാറ്റുന്നത് പുരോഗമിക്കുന്നു, ട്രെയ്‌നുകള്‍ വൈകിയേക്കാം
Kozhikode railway station clock tower : ഇന്നലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന ബാക്കിഭാഗം മുഴുവനായും നീക്കം ചെയ്താല്‍ മാത്രമേ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സുഗമമായി നടത്താന്‍ സാധിക്കൂ. നിലവില്‍ രണ്ട്, മൂന്ന് ട്രാക്കുകളിലെ ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്.

Kozhikode Railway Station Clock Tower Collapses
കോഴിക്കോട്: ഇന്നലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും അവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും ഇത് പൂര്‍ണ്ണമായും വിജയിച്ചില്ല. അപകടാവസ്ഥയില്‍ നില്‍ക്കുന്ന ബാക്കിഭാഗം മുഴുവനായും നീക്കം ചെയ്താല്‍ മാത്രമേ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സുഗമമായി നടത്താന്‍ സാധിക്കൂ. നിലവില്‍ രണ്ട്, മൂന്ന് ട്രാക്കുകളിലെ ഗതാഗതമാണ് തടസ്സപ്പെട്ട് നില്‍ക്കുന്നത്.
ഇപ്പോള്‍ ഷോര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ് ഫോമിലൂടെയാണ് കടത്തിവിടുന്നത്. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ നാലാം പ്ലാറ്റ്‌ഫോമിലൂടെയും വഴിതിരിച്ച് വിട്ടിരിക്കുന്നു. ഈ നിയന്ത്രണങ്ങള്‍ ഉള്ളത് കാരണം സര്‍വീസുകളില്‍ കാലതാമസം ഉണ്ടായേക്കാം എന്ന് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നു. ക്ലോക്ക് ടവര്‍ പൊളിച്ചു നീക്കി ട്രെയിന്‍ ഗതാഗതം പഴയ രീതിയിലേക്ക് പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേ അധികൃതര്‍ പ്രാധാന്യം കൊടുക്കുന്നത്. ഇതിനുശേഷം സംഭവം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തും.
Also Read: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; കുറച്ചുഭാഗം വീഴാൻ ബാക്കി
രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്തിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഭാഗങ്ങള്‍ റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് ഭാഗികമായി തകര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അപകടം ഉണ്ടാകുന്ന സമയത്ത് കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. വൈകിട്ട് പുറപ്പെടേണ്ട ട്രെയിന്‍ ആയതിനാല്‍ കോച്ചുകളില്‍ ആരുമില്ലാത്തത് വലിയ അപകടം ഒഴിവാക്കി. കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തിലാണ് അപകടം ഉണ്ടായത്.
ക്ലോക്ക് ടവര്‍ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ ഭാഗങ്ങളും അതിനോട് അനുബന്ധമായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന അച്ചടങ്ങള്‍ ഉണ്ടെങ്കില്‍ അവയും പൊളിച്ചു നില്‍ക്കാനാണ് നിര്‍ദ്ദേശം. ഇന്നലെ വൈകിട്ടോടെ കെട്ടിടം പൊളിക്കുന്നതിന് ഭാഗമായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. നൂറുവര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ക്ലോക്ക് ടവര്‍ ആണ് തകര്‍ന്ന് വീണത്.
English Summary
Work to demolish the remaining sections of the clock tower that collapsed yesterday at the Kozhikode railway station is progressing rapidly. Train traffic along this route can only resume smoothly once the entire unstable structure has been removed. Currently, train operations on tracks two and three are disrupted.