കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; കുറച്ചുഭാഗം വീഴാൻ ബാക്കി
Kozhikode Railway Station Clock Tower Collapses: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു, തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ക്ലോക്ക് ടവർ ഭാഗികമായി തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ കോഴിക്കോട്- കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ആളില്ലാതെ കിടപ്പുണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു, തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ക്ലോക്ക് ടവർ ഭാഗികമായി തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ കോഴിക്കോട്- കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പുറപ്പെടേണ്ട ട്രെയിൻ ആയതിനാൽ ഇതിലെ കോച്ചുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ ആളുകൾ ഇല്ലാതിരുന്നതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.
രണ്ടും മൂന്നും പ്ലാറ്റ്ഫോമുകൾക്കിടയിലാണ് ഈ ക്ലോക്ക് ടവർ സ്ഥിതി ചെയ്തിരുന്നത്. ഈ കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകർച്ചയിലാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ക്ലോക്ക് ടവറിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് തകർന്ന് വീഴുകയായിരുന്നു.
ALSO READ: 20 മണിക്കൂർ യാത്ര ആറായി കുറയും! 4 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉടൻ
കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും താഴെ വീഴാതെ നിൽക്കുന്നുണ്ട്. ഇത് അപകട ഭീഷണി ഉയർത്തുന്നതിനാൽ പ്ലാറ്റ്ഫോമിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി തുടരുന്ന മഴ കെട്ടിടത്തിന്റെ ബലക്ഷയം വർധിപ്പിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് രാവിലെയും കനത്ത മഴ ഉണ്ടായിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഈ ക്ലോക്ക് ടവറിന് ഏകദേശം 130 കൊല്ലം പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഇതിന്റെ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ റെയിൽവേ ജീവനക്കാര്‍ ഇവിടെ പരിശോധിക്കാനെത്തിയിരുന്നു എന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ആലോനകൾ കഴിഞ്ഞ് തീരുമാനം എത്തുന്നതിന് ‘കാത്തുനിൽക്കാതെ’ കെട്ടിടം നിലം പതിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അപകടത്തെ തുടർന്ന് രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് യാത്രക്കാർ പ്രവേശിക്കുന്നത് വിലക്കി. സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിട്ടുണ്ട്. ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നിൽകണ്ട് ഇവിടെ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇതുവഴിയുള്ള ട്രെയിൻ ഗതാഗതവും ഇപ്പോൾ തടസപ്പെട്ടിട്ടുണ്ട്. നേത്രാവതി, ഏറനാട് ട്രെയിനുകൾ വെള്ളയിൽ , വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെടുക.
English Summary
A clock tower collapsed at Kozhikode railway station, a major accident was averted. The clock tower partially collapsed onto platform number two just after 11 am today. Initial information is that no one was injured in the incident. The Kozhikode-Kannur passenger platform was empty when the accident happened. Train traffic on this route has been disrupted following the accident.