AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSEB : വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 68,000 കോടിയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് കെഎസ്ഇബി; ക്ലിക്കാകുമോ പുതുനീക്കം?

KSEB Various Projects : സംസ്ഥാനത്ത്‌ വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം 10 ശതമാനത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം യോഗത്തില്‍ വച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്രമന്ത്രിക്ക് കൈമാറിയിരുന്നു

KSEB : വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 68,000 കോടിയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് കെഎസ്ഇബി; ക്ലിക്കാകുമോ പുതുനീക്കം?
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 30 Dec 2024 | 09:10 AM

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുമായി ലക്ഷ്യമിട്ട് 68,000 കോടിയോളം രൂപ മൂലധന നിക്ഷേപം ആവശ്യമുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് കെഎസ്ഇബി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. മലയാള മനോരമ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ഊർജ്ജ നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉത്പാദന സംഭരണ മേഖലയിലാണ് 42,700 കോടിയുടെ ആവശ്യം. പ്രസരണ, വിതരണ മേഖലയുടെ നവീകരണവുമായി ബന്ധപ്പെട്ട് 25,300 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫ് അധിഷ്ഠിത മത്സര ടെന്‍ഡറിലൂടെ പദ്ധതികള്‍ നടപ്പാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

12,000 കോടി രൂപ ആവശ്യം വരുന്ന 1500 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍, 2100 കോടി രൂപയുടെ കരയില്‍ സ്ഥാപിക്കുന്ന 370 മെഗാവാട്ട് കാറ്റാടിപ്പാടങ്ങള്‍, 800 കോടിയുടെ കടലില്‍ സ്ഥാപിക്കുന്ന 50 മെഗാവാട്ട് കാറ്റാടി പ്ലാന്റുകള്‍ തുടങ്ങിയ പദ്ധതികളിലാണ് ഉത്പാദന സംഭരണ മേഖലയില്‍ കേന്ദ്രസഹായം തേടുന്നതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസരണ, വിതരണ മേഖലയുടെ നവീകരണവുമായി ബന്ധപ്പെട്ട് ട്ടുള്ള പദ്ധതികളില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 10,000 കോടി രൂപയും, 11 കെവി ഫീല്‍ഡറുകള്‍ക്ക് 4050 കോടി രൂപയും തുടങ്ങി വിവിധ പദ്ധതികളിലായി 25,300 കോടി രൂപ ചെലവാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക വാണിജ്യ നഷ്ടം 10 ശതമാനത്തിന് താഴെ

സംസ്ഥാനത്ത്‌ വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം 10 ശതമാനത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം യോഗത്തില്‍ വച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേന്ദ്രമന്ത്രിക്ക് കൈമാറിയിരുന്നു. എൻടിപിസിയുടെ ബാർഹ് നിലയത്തിൽ നിന്നും അനുവദിച്ചിരിക്കുന്ന 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി ജൂണ്‍ വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. മാര്‍ച്ചിലാണ് കാലാവധി അവസാനിക്കുന്നത്.

Read Also : പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക്‌; കെഎസ്ആര്‍ടിസി ഇത് എങ്ങനെ സാധിച്ചു ?

ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികൾക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അനുഭാവപൂര്‍വം പരിഗണിക്കാമെന്നാണ് കേന്ദ്ര നിലപാട്‌. ജലവൈദ്യുത പദ്ധതികൾക്കുള്ള കേന്ദ്ര അനുമതി ലഭിക്കുന്നതിന്‌ ഏകജാലക സംവിധാനം തയ്യാറാക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

500 മെഗാവാട്ട് വൈദ്യുതി

സംസ്ഥാനത്തിന്‌ 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെഎസ്ഇബി സെപ്തംബറില്‍ കരാറിലേര്‍പ്പെട്ടിരുന്നു. വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍.

പകൽ സമയത്ത് സൗരോർജ്ജത്തിലൂടെയും പീക്ക് സമയത്ത് 2 മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിലൂടെയും വൈദ്യുതിയും ലഭിക്കും. വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി 2 മണിക്കൂറോ തവണകളായോ ആവശ്യമനുസരിച്ച്‌ ഉപയോഗിക്കാം. കരാര്‍ കാലാവധി 25 വര്‍ഷമാണ്. 2026 സെപ്തംബറോടെയാണ് ഈ കരാര്‍ പ്രകാരമുള്ള വൈദ്യുതി ലഭിച്ചുതുടങ്ങുന്നത്.