Arya Rajendran: മുങ്ങിപ്പോയിട്ടില്ല കെഎസ്ആർടിസി കേസ്, ആര്യാ രാജേന്ദ്രനും ഭർത്താവിനും സഹോദരഭാര്യയ്ക്കും നോട്ടിസ്
KSRTC Driver Assault Case : ആദ്യം കേസ് എടുക്കാൻ വിമുഖത കാണിച്ച പോലീസിനോട്, യദുവിന്റെ സ്വകാര്യ ഹർജി പരിഗണിച്ചാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ച സംഭവത്തിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ നിന്ന് ഇവരെ ഒഴിവാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ യദു നൽകിയ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
മുൻ മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരന്റെ ഭാര്യ ആര്യ എന്നിവരോട് ജനുവരി 21-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. പ്രമുഖരെ ഒഴിവാക്കി പോലീസ് നൽകിയ കുറ്റപത്രം തള്ളണമെന്നും എഫ്‌ഐആറിൽ പേരുള്ള എല്ലാവരെയും പ്രതി ചേർക്കണമെന്നുമാണ് യദുവിന്റെ ആവശ്യം.
ALSO READ: ലാ നിന വന്നു, കുളിരണിഞ്ഞ് കേരളം; ശബരിമലയിൽ മഴയോ? ഇന്നത്തെ കാലാവസ്ഥ…
പുതിയ ആരോപണങ്ങൾ
ബസിലുണ്ടായിരുന്ന മെമ്മറി കാർഡ് നശിപ്പിച്ചു എന്നാരോപിച്ച് അന്നത്തെ ഡ്യൂട്ടി കണ്ടക്ടർ സുബിനെയും പ്രതിയാക്കണമെന്ന് യദു പുതിയ ഹർജിയിൽ ആവശ്യപ്പെട്ടു. മേയറുടെയും സംഘത്തിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സുബിൻ ഇത് ചെയ്തതെന്നാണ് ആരോപണം. നിലവിൽ മേയറുടെ സഹോദരൻ അരവിന്ദ് (നന്ദു) മാത്രമാണ് പോലീസിന്റെ കുറ്റപത്രത്തിലുള്ള ഏക പ്രതി.
ആദ്യം കേസ് എടുക്കാൻ വിമുഖത കാണിച്ച പോലീസിനോട്, യദുവിന്റെ സ്വകാര്യ ഹർജി പരിഗണിച്ചാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും, രാഷ്ട്രീയ പ്രമുഖരെ ഒഴിവാക്കിയാണ് കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് യദു നിയമപോരാട്ടം തുടരുന്നത്.