Kumbh Mela Marriage Case: കുംഭമേള പെൺകുട്ടിയുടെ വിവാഹത്തിൽ വീഴ്ചയോ? ഡിജിപി ഇന്ന് ഡൽഹിയിൽ
Kumbh Mela Girl Marriage Case: കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയും ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനും വിവാഹിതരായത്. എന്നാൽ, വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്ന ആരോപണം ഉയരുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും പരാതിയുമായി രംഗത്തെത്തി. എന്നാൽ രണ്ട് ജനനസർട്ടിഫിക്കറ്റുകൾ വന്നതോടെ അന്വേഷണത്തിന്റെ ഗതി മാറി.
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ അന്വേഷണ വിവരങ്ങൾ കൈമാറുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഇന്ന് ഡൽഹിയിലെത്തും. പെൺകുട്ടിയുടെ വിവാഹം രജിസ്റ്റർ ചെയ്തതിൽ കേരളത്തിന് വീഴ്ചയില്ലെന്ന് ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷനെ അറിയിക്കാനാണ് ഡൽഹിയിലെത്തുന്നത്. ഏപ്രിൽ 22, ബുധനാഴ്ച ഹാജരാകാൻ കമ്മിഷൻ നിർദേശിച്ചിരുന്നു.
പെൺകുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണെന്നും കേരളത്തിലുണ്ടെന്നും പോലീസ് നിരീക്ഷണം തുടരുന്നുവെന്നും ഡിജിപി കമ്മിഷനെ അറിയിക്കുന്നതാണ്. പെൺകുട്ടി പോലീസിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഹാജരാക്കിയ ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ആധികാരികമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രേഖകൾ ലഭ്യമാക്കാൻ പെൺകുട്ടി വ്യാജരേഖകൾ സമർപ്പിച്ചിരുന്നോ എന്നതിൽ അന്വേഷണം ആവശ്യമാണെന്ന് തിരുവനന്തപുരം എസ്പി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ഹർജി ഫയൽ ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആക്ടിങ് ജില്ലാ സെക്രട്ടറി എ.എ റഹീം, പൂവാർ അരുമാനൂർ നയ്യാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ എന്നിവർക്കെതിരെയാണ് ഹർജി. നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ നാഗരാജനാണ് പരാതിക്കാരൻ. ഏപ്രിൽ 27ന് കേസ് വീണ്ടും പരിഗണിക്കുന്നതാണ്. പോക്സോ കോടതി ജഡ്ജി എം.പി ഷിബുവാണ് കേസ് പരിഗണിക്കുന്നത്.
ALSO READ: വോട്ടെണ്ണും വരെ ഒന്ന് ക്ഷമിക്കൂ; സ്‌ട്രോങ് റൂം തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയും ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനും വിവാഹിതരായത്. പൂവാർ അരുമാനൂർ ക്ഷേത്രത്തിൽ വച്ച്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു വിവാഹം നടന്നത്. എന്നാൽ, വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്ന ആരോപണം ഉയരുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളും പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ട് ജനനസർട്ടിഫിക്കറ്റുകൾ വന്നതോടെ അന്വേഷണത്തിന്റെ ഗതി മാറി. വിവാഹ സമയത്ത് പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റിൽ ജനന തീയതി 1-1-2008 ആയിരുന്നു. എന്നാൽ മാതാപിതാക്കളുടെ വാദം 2009 ഡിസംബര്‍ 30 ആണെന്നാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സംശയം നിലനിൽക്കുന്നതിനാൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
വിവാദങ്ങൾക്കിടെ, ഭാര്യ ഗർഭിണിയാണെന്ന് ഫർമാൻ വെളിപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തുകയും ഇരുവരോടും നേരിട്ട് ഹാജരാകാൻ അറിയിക്കുകയും ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫർമാൻ പോലീസിനെ അറിയിച്ചത്.