Kerala Bevco Holiday: തെരഞ്ഞെടുപ്പ് ആഘോഷം പൊടിപൊടിക്കും; എന്നാല്‍ കേരളത്തില്‍ ഇന്ന് മദ്യം ലഭിക്കുമോ?
Kerala Vote Counting Day Bevco Status: രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ വന്ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. സ്‌കൂളുകള്‍, കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. രാവിലെ എട്ടരയോടെ ആദ്യഫല സൂചനകള്‍ വന്ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
വിവിധ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് മദ്യവില്‍പനശാലകള്‍. വോട്ടെണ്ണല്‍ ദിനമായ സംസ്ഥാനത്ത് മദ്യ വില്‍പന നടക്കില്ല. ബെവ്‌കോ, ബാറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയൊന്നും തുറന്നുപ്രവര്‍ത്തിക്കില്ല.
വോട്ടെണ്ണല്‍
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണല്‍ ഒരേ സമയത്താണ് നടക്കുക. ഒന്നാം വാര്‍ഡ് മുതല്‍ അവസാന വാര്‍ഡ് വരെയുള്ള ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും. 2 ബൂത്തുകളാണ് ഒരു വാര്‍ഡില്‍ ഉള്ളതെങ്കില്‍ രണ്ട് കണ്‍ട്രോള്‍ യൂണിറ്റുകളാണ് ഒരുമിച്ച് മേശയിലേക്ക് എത്തുക.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ട് വിവരം പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്ന ക്രമത്തില്‍ എഴുതികാണിക്കും, 2 ബൂത്തുകളിലെയും ഫലം രേഖപ്പെടുത്തിയാല്‍ വാര്‍ഡിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണുള്ളത്, അതിനാല്‍ എണ്ണിതീരുന്നതിന് അനുസരിച്ച് ഫലം പുറത്തുവരും.