Kerala Rain Alert: വെന്തുരുകുന്ന കേരളം, ഇന്ന് വൈകിട്ട് മഴ പെയ്യുമോ?; കാലാവസ്ഥ പ്രവചനം
Kerala Weather Latest Update: കൊടും വേനലിൽ മലയോര മേഖലകൾ അടക്കമുള്ളടിത്ത് വെള്ളത്തിൻ്റെ ക്ഷാമവും രൂക്ഷമാണ്. അതിനിടെയാണ് ചിലയിടങ്ങളിൽ വൈകുന്നേരത്തോടെ നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. കേരളത്തിലെ മിക്ക ജില്ലകളിലും പകലും രാത്രിയും ഒരുപോലെ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയാണ് നിലവിൽ അനുഭവപ്പെടുന്നത്. കൊടും വേനലിൽ മലയോര മേഖലകൾ അടക്കമുള്ളടിത്ത് വെള്ളത്തിൻ്റെ ക്ഷാമവും രൂക്ഷമാണ്. അതിനിടെയാണ് ചിലയിടങ്ങളിൽ വൈകുന്നേരത്തോടെ നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ALSO READ: മൂടി കെട്ടിയ അന്തരീക്ഷം, ഇടി, മിന്നൽ മഴ… നാളത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. പരമാവധി ശുദ്ധജലം മാത്രം കുടിക്കാൻ ശ്രമിക്കുക. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും വേണം.