AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M. V. Govindan: കൊല്ലത്തെ സമ്മേളനത്തില്‍ മുകേഷില്ല; എവിടെ പോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; ‘നിങ്ങള്‍ നോക്കിയിട്ട്’ പറയൂവെന്ന്‌ എം.വി. ഗോവിന്ദന്‍

M.V. Govindan on M. Mukesh's absence: കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് മുകേഷിനെതിരെ പാര്‍ട്ടി നിലപാട് കടുപ്പിച്ചത്. മുകേഷ് സിനിമാ ചിത്രീകരണത്തിലാണെന്നാണ് വിശദീകരണം. മുകേഷ് നിലവില്‍ കൊച്ചിയിലാണെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന് ശേഷമാകും മുകേഷ് തിരിച്ചെത്തുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ലോഗോ പ്രകാശനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു

M. V. Govindan: കൊല്ലത്തെ സമ്മേളനത്തില്‍ മുകേഷില്ല; എവിടെ പോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; ‘നിങ്ങള്‍ നോക്കിയിട്ട്’ പറയൂവെന്ന്‌ എം.വി. ഗോവിന്ദന്‍
എം.വി. ഗോവിന്ദന്‍, എം. മുകേഷ്‌ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 07 Mar 2025 | 06:44 AM

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് സ്ഥലം എംഎല്‍എ കൂടിയായ എം. മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. എംഎല്‍എ എവിടെയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ നോക്കിയിട്ട് പറയൂവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സമ്മേളനത്തില്‍ എല്ലാ എംപിമാരും എംഎല്‍എമാരും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുകേഷിനെ പറ്റി നല്ല പോലെ ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തിനെതിരെ ഒരു കേസ് വന്നു. ആ കേസ് അടിസ്ഥാനപ്പെടുത്തിയുള്ള നിലപാട് തുടര്‍ന്നുകൊണ്ടുപോവുകയാണെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

”എവിടെയുണ്ടെന്ന് നിങ്ങള്‍ നോക്കിയിട്ട് പറയൂ. എംഎല്‍എയെ കാണുന്നില്ലെങ്കില്‍ എവിടെയാണുള്ളതെന്ന് നോക്കിയാല്‍ മതി. നിങ്ങളുടെ കയ്യിലല്ലേ ഈ സാധനമെല്ലാമുള്ളത്? സമ്മേളനത്തില്‍ എല്ലാ എംപിമാരും എംഎല്‍എമാരും ഉണ്ടാകില്ല. എംഎല്‍എ എവിടെയാണുള്ളതെന്ന് ചോദിച്ചാല്‍, ഈ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് കണ്ടുപിടിച്ചു പറയാന്‍ പറ്റുമോ?”-എം.വി. ഗോവിന്ദന്റെ വാക്കുകള്‍.

എംഎല്‍എ രാജി വയ്ക്കണമെന്ന് നിങ്ങളെല്ലാം പറഞ്ഞു. ധാര്‍മികമൂല്യം അടിസ്ഥാനപ്പെടുത്തി രാജി വയ്ക്കണമെന്നാണ് നിങ്ങള്‍ പറഞ്ഞത്. അങ്ങനെ രാജിവയ്ക്കുകയും, ആ കേസില്‍ പിന്നീട് വെറുതെ വിടുകയും ചെയ്താല്‍, എംഎല്‍എയായി തിരിച്ചെടുക്കാന്‍ ധാര്‍മികമൂല്യം അടിസ്ഥാനപ്പെടുത്തി ഭരണഘടനയില്‍ വകുപ്പുണ്ടോയെന്ന് അന്ന് താന്‍ തിരിച്ചു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു നിങ്ങളുടെ മറുപടി. അങ്ങനെ ഇല്ലെങ്കില്‍ രാജി വയ്‌ക്കേണ്ടെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നൂറുകണക്കിന് എംപിമാരും എംഎല്‍എമാരും കേസില്‍ കിടക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also : Veena George: ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്? ആശാ വർക്കർമാർക്ക് ഉയർന്ന ഓണറേറിയം നൽകുന്നത് സിക്കിം

ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതാണ് മുകേഷിന്റെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് മുകേഷിനെതിരെ പാര്‍ട്ടി നിലപാട് കടുപ്പിച്ചത്. മുകേഷ് സിനിമാ ചിത്രീകരണത്തിലാണെന്നാണ് വിശദീകരണം. മുകേഷ് നിലവില്‍ കൊച്ചിയിലാണെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന് ശേഷമാകും അദ്ദേഹം തിരിച്ചെത്തുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ലോഗോ പ്രകാശനത്തില്‍ മുകേഷ് പങ്കെടുത്തിരുന്നു.