Malayattoor Chithrapriya’s Death: പെൺകുട്ടിക്ക് മറ്റൊരു ആൺസുഹൃത്തുള്ളതായി സംശയിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്
Malayattoor Chithrapriya Murder: പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും തുടർന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് വിവരം.
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടേത് കൊലപാതകമെന്ന് പോലീസ് . ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ചിത്രപ്രിയയ്ക്ക് മറ്റൊരു ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചിരുന്നു. ഇതിനെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആൺസുഹൃത്ത് പോലീസിന് നൽകിയ മൊഴി.
പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും തുടർന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് വിവരം. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്.
Also Read:ചിത്രപ്രിയയുടേത് കൊലപാതകം? ഒരാള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തും. 21 വയസ്സുകാരനായ അലൻ കാലടിയിലെ വെൽഡിങ് തൊഴിലാളിയാണ്.
കഴിഞ്ഞ ദിവസമാണ് മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ 19 കാരിയായ ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ട് തന്നെ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.
ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.