Accident Death: അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി; അപ്രതീക്ഷിത അപകടത്തിൽ നടുങ്ങി നാട്; വിങ്ങലായി സഹോദരങ്ങൾ
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു.
തിരുവനന്തപുരം: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയവർ വൈകിട്ട് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ്. ഇരുവരുടെയും മരണ വാർത്ത കേട്ട ഞെട്ടലിലാണ് നാടും വീടും.
പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. എല്ലാ ദിവസവും ഇവർ ഒരുമിച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. പതിവ് പോലെ ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിൽനിന്നു ജോലിക്കായി രഞ്ജിത്തിന്റെ ബൈക്കിൽ പോകുകയായിരുന്നു. തുടർന്ന് മാര്‍ത്താണ്ഡം പാലത്തില്‍ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു.
Also Read:രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം
സംഭവസ്ഥലത്ത് വച്ചുതന്നെ രഞ്ജിത്ത് മരണപ്പെടുകയായിരുന്നു. രമ്യയെ സർക്കാർ ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. അപകടത്തിൽ മാർത്താണ്ഡം പോലീസ് കേസെടുത്തു.. രഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്. പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു രമ്യ.
അച്ഛനും അമ്മയും 2 മക്കളും ചേരുന്നതാണ് ഇവരുടെ കുടുംബം. അച്ഛൻ വിജയകുമാര്‍ കല്‍പണിക്കാരനാണ്. അമ്മ റീഷ കോട്ടുകാൽ ഹരിതസേനാംഗവും. വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും വിജയകുമാറിനും റീഷയ്ക്കുമൊപ്പം മക്കളുമുണ്ടാകും. കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ച് വലുതാക്കിയത്. വീടു പണിതതും ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു. വീട്ടില്‍ മാത്രമല്ല നാട്ടിലും എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു ഇരുവരും.