Kerala Local Body Election: പ്രചാരണത്തിന് സഖാവില്ല… പക്ഷെ ജീപ്പ് സജീവം, വാഴൂർ സോമന്റെ ഓർമ്മയിൽ തോട്ടം മേഖല
Vazhoor Soman's Mahindra Major Jeep: 2021-ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തലസ്ഥാനത്തേക്കുള്ള യാത്ര ഈ ജീപ്പിൽത്തന്നെയായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് സ്വയം ജീപ്പ് ഓടിച്ച് അദ്ദേഹം നിയമസഭയിലെത്തി.
പീരുമേട് : 1977 മുതൽ 2025-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ, എല്ലാ പ്രചാരണ രംഗത്തും വാഴൂർ സോമൻ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പിന് തോട്ടം മേഖല ഒരുങ്ങുമ്പോൾ, ആ പ്രിയ നേതാവിൻ്റെ ഓർമ്മയുമായി അദ്ദേഹത്തിൻ്റെ 2000 മോഡൽ മഹീന്ദ്ര മേജർ ജീപ്പ് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പ്രചാരണത്തിൽ സജീവമാണ്.
തോട്ടം തൊഴിലാളികൾക്ക് എന്നും സുപരിചിതമാണ് ഈ വാഹനം. അതിവേഗം കടന്നുപോവുകയായിരുന്നില്ല ആ ജീപ്പിൻ്റെ രീതി. ഓരോ സ്ഥലത്തും നിർത്തി, ജനങ്ങളുടെ വിശേഷങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അദ്ദേഹം അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിന്നു. ജനങ്ങളെ കേൾക്കാതെ ആ വാഹനം ഒരിക്കലും മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി ഈ ജീപ്പ് മലയോര മണ്ണിൻ്റെ മുക്കിലും മൂലയിലും എത്തി.
ഒരു ഐഡൻ്റിറ്റിയായി മാറിയ ജീപ്പ്
2005-ൽ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതിന് പിന്നാലെയാണ് വാഴൂർ സോമൻ മഹീന്ദ്ര മേജർ സ്വന്തമാക്കിയത്. അതിനു മുൻപ് അദ്ദേഹം വില്ലീസ്, മാർഷൽ മോഡലുകളിലാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ മഹീന്ദ്ര മേജർ വാങ്ങിയതോടെ അത് തോട്ടം തൊഴിലാളികളുടെ പ്രിയ നേതാവിൻ്റെ തിരിച്ചറിയൽ ചിഹ്നമായി മാറി.
2021-ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തലസ്ഥാനത്തേക്കുള്ള യാത്ര ഈ ജീപ്പിൽത്തന്നെയായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് സ്വയം ജീപ്പ് ഓടിച്ച് അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ, പ്രിയ സഖാവിൻ്റെ ആരോഗ്യത്തെക്കുറിച്ച് കാനം രാജേന്ദ്രൻ സ്നേഹത്തോടെ ശാസിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ജീപ്പ് യാത്ര അദ്ദേഹം അവസാനിപ്പിച്ചു. എങ്കിലും, ഇടുക്കിയിലെ മണ്ണിൽ ആ ജീപ്പിൽത്തന്നെ അദ്ദേഹം യാത്ര തുടർന്നു.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും അതിരാവിലെ ആരംഭിക്കുന്ന വോട്ട് പ്രചരണം രാത്രി വൈകിയാണ് ഈ ജീപ്പിൽ അവസാനിച്ചിരുന്നത്. ഇത്തവണയും പീരുമേടിൻ്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെ മഹീന്ദ്ര മേജർ സജീവമായി ഓടുന്നുണ്ടെങ്കിലും, പ്രിയ സഖാവില്ലാത്തത് നികത്താനാവാത്ത ഒരു വിടവുതന്നെയാണ്. ഭാര്യ ബിന്ദു സോമനും കുടുംബവും പ്രചാരണത്തിൽ സജീവമാണ്. ഈ തിരഞ്ഞെടുപ്പിൽ മകൻ സോബിൻ സോമനാണ് ജീപ്പിൻ്റെ സാരഥി.