കുർബാന തർക്കം: പുറത്ത് അടികിട്ടി, ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Mass dispute Bishop Mar Joseph Pamplany: കുർബാന തർക്കവുമായി ബന്ധപ്പെട്ട് തനിക്ക് മർദ്ദനമേറ്റെന്ന് വെളിപ്പെടുത്തി തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഏകീകൃത കുർബാന അനുകൂലിയാണ് മർദ്ദിച്ചത് എന്നാണ് സൂചന. മാസങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ദിവസം തൃശൂർ ആലൂരിൽ ഒരു വൈദികന്റെ പുസ്തകപ്രകാശന ചടങ്ങിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കവുമായി ബന്ധപ്പെട്ട് തനിക്ക് മർദ്ദനമേറ്റെന്ന് വെളിപ്പെടുത്തി തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഏകീകൃത കുർബാന അനുകൂലിയാണ് മർദ്ദിച്ചത് എന്നാണ് സൂചന. മാസങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ദിവസം തൃശൂർ ആലൂരിൽ ഒരു വൈദികന്റെ പുസ്തകപ്രകാശന ചടങ്ങിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. സിറോ മലബാർ സഭയുടെ സിനഡ് സെക്രട്ടറി കൂടിയായ മാർ ജോസഫ് പാംപ്ലാനിക്ക് അതിരൂപത ആസ്ഥാനത്ത് വെച്ച് മർദ്ദനമേറ്റെന്ന വിവരം സഭയ്ക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
തനിക്കുമാത്രമല്ല, ഡ്രൈവർക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അദ്ദേഹം പറയുന്നുണ്ട്. അക്രമം നടത്തിയത് ആരാണെന്ന് കൃത്യമായി പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന പക്ഷത്തുനിന്നുള്ള ആളാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി എവിടെയും പരാതി നൽകിയിട്ടില്ല.
Also Read: കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല
”എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്, അദ്ദേഹത്തിന്റെ കൈവിരൽപാടുകൾ ഒരു മാസത്തോളം മായാതെ കിടന്നിരുന്നു. ആ ഒരു വ്യക്തി തന്നെ എന്റെ ഡ്രൈവറെ എറണാകുളം അരമനയിൽ വെച്ച് ചവിട്ടി വീഴ്ത്തുകയും കഴുത്തിൽ ചവിട്ടിപ്പിടിക്കുകയും ചെയ്തു, ഇതെല്ലാം പലരുടെയും മുൻപിൽ സംഭവിച്ചതാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി.
” അതൊക്കെ കാണുമ്പോൾ എനിക്ക് മനസിലാകുന്നുണ്ട് ചിലർ ഇതിനിടയിൽ അനാവശ്യമായി നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന്, അത്തരക്കാരെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കണമെന്നും” അദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്. എറണാകുളം- അങ്കമാലി അതിരൂപതയിൽ നാളുകളായി നിലനിൽക്കുന്ന കുർബാനത്തർക്കം മുൻപും പല അക്രമ സംഭവങ്ങൾക്കും കാരണമായിട്ടുണ്ട്.
2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാൽ ഏകീകൃത കുര്‍ബാന രീതി നടപ്പിലാക്കുന്നതിനെ ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിര്‍ക്കുകയായിരുന്നു. ഇത് നടപ്പാക്കുന്നതിനെതിരേ വിശ്വാസികളിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധങ്ങൾ ഉയർത്തിയതോടെയാണ് തർക്കം രൂക്ഷമായത്.
കൊച്ചി കോർപ്പറേഷൻ ആസ്ഥാനമായുള്ള എറണാകുളം-അങ്കമാലി അതിരൂപതയിൽ എറണാകുളം ജില്ലയുടെ ഏതാണ്ട് മുഴുവനും, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു. സിനഡ് നിർദ്ദേശിച്ച ഏകീകൃത രീതിയിലുള്ള കുർബാന തങ്ങളുടെ പള്ളികളിൽ നടപ്പിലാക്കില്ലെന്ന് അതിരൂപതയിലെ വലിയൊരു വിഭാഗം വൈദികരും അൽമായരും നിലപാടെടുത്തു. തങ്ങൾക്ക് കാലങ്ങളായി ശീലിച്ച ‘ജനാഭിമുഖ കുർബാന’ തന്നെ പൂർണ്ണമായി വേണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം മാർപ്പാപ്പയുടെയും സിനഡിന്റെയും കൽപ്പന അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഏകീകൃത രീതി തന്നെ നടപ്പാക്കണമെന്നുമാണ് ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. ഈ തർക്കം മുൻകാലങ്ങളിൽ പലപ്പോഴും വൻ പ്രതിഷേധങ്ങൾക്കും, പള്ളികൾ അടച്ചിടുന്നതിനും, ബിഷപ്പ് ഹൗസിന് മുന്നിലെ ധർണ്ണകൾക്കും, ചിലയിടങ്ങളിൽ കയ്യാങ്കളികൾക്കും വരെ കാരണമായിട്ടുണ്ട്. അത്തരമൊരു പ്രതിഷേധത്തിന് ഇടയിലാകാം മാർ ജോസഫ് പാംപ്ലാനിക്ക് മർദ്ദനം ഏറ്റത്.
English Summary
Archbishop of Thalassery Archdiocese Mar Joseph Pamplany has revealed that he was assaulted in connection with the Ernakulam-Angamaly Archdiocese Mass dispute. It is suspected that he was assaulted by a supporter of the unified Mass. This incident took place months ago. He made these revelations while speaking at a priest’s book launch event in Alur, Thrissur the other day.