AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭരണപരിഷ്കാര കമ്മിഷൻ: ഭരണപക്ഷത്ത് കൂട്ടയടി! കോൺഗ്രസിൽ ഞെട്ടൽ, അ‌തൃപ്തിയിൽ ലീഗ്, പ്രയാസമെന്ന് മുനീർ

Resentment within Congress and the League against Adoor Prakash: ഭരണപരിഷ്കാര കമ്മിഷൻ നിയമനത്തിലടക്കം സുപ്രധാന തീരുമാനങ്ങൾ യുഡിഎഫ് കൺവീനറായ താൻ അ‌റിഞ്ഞില്ല എന്നത് അടൂർ പ്രകാശിനെ ചൊടിപ്പിച്ചു. ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനത്തേക്ക് കോൺഗ്രസ് അ‌ംഗം എത്തണം എന്ന നിലയ്ക്കുള്ള ചില ചർച്ചകൾ പാർട്ടിക്കുള്ളിൽ നേരത്തെ ഉണ്ടായി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ അ‌ടൂർ പ്രകാശ് അ‌തൃപ്തി പരസ്യമാക്കുക കൂടി ചെയ്തതോടെ വിഷയം കൂടുതൽ വഷളായി.

ഭരണപരിഷ്കാര കമ്മിഷൻ: ഭരണപക്ഷത്ത് കൂട്ടയടി! കോൺഗ്രസിൽ ഞെട്ടൽ, അ‌തൃപ്തിയിൽ ലീഗ്, പ്രയാസമെന്ന് മുനീർ
Resentment Within Congress And The League Against Adoor PrakashImage Credit source: facebook
Prasanth Kumar
Prasanth Kumar | Published: 02 Oct 2026 | 12:28 PM

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും മുന്നണിയിലും കലഹം ചൂട് പിടിക്കുന്നു. വിഡി സതീശൻ സർക്കാരിൽ നടക്കുന്നതൊന്നും അ‌റിയുന്നില്ല എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ അ‌ടൂർ പ്രകാശ് ഭരണപരിഷ്കാര കമ്മിഷൻ നിയമനത്തിനെതിരേയും പ്രതികരിച്ചതോടെയാണ് വിവാദം കത്തിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മിഷനായി നിയമിക്കാൻ തീരുമാനിച്ചത്. ഒപ്പം ജി ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായി നിയമിക്കാനും തീരുമാനമായിരുന്നു. ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെ, മുൻപ് വിഎസ് അ‌ച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷനായി നിയമിക്കപ്പെട്ടപ്പോൾ കോൺഗ്രസും ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികളും അ‌തിനെതിരേ രംഗത്തുവന്നിരുന്നു എന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു.

കമ്മിഷൻ നിയമനത്തിനെതിരേയുള്ള യുഡിഎഫ് നേതാക്കളുടെ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് യുഡിഎഫ് കൺവീനറായ അ‌ടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് തന്നെ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന് എതിരേ കടുത്ത പരാമർശങ്ങൾ നടത്തിയത്. സതീശന്റെ രീതികളിൽ തനിക്ക് അ‌തൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ അ‌ടൂർ പ്രകാശ് ‘അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത്ത് അറിയിക്കും’ എന്നും പറഞ്ഞിരുന്നു.

Also Read: ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറുമായി സംസാരിച്ച് പ്രധാനമന്ത്രി

സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കൺവീനറുടെ ചുമതലയാണ്. പക്ഷേ ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം എന്ന് അ‌ടൂർ പ്രകാശ് തുറന്നടിച്ചു. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ. മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾ തന്നെയാണെന്നും അർഹതപ്പെടാത്ത ആർക്കും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭരണപരിഷ്കാര കമ്മിഷൻ നിയമനത്തിലടക്കം സുപ്രധാന തീരുമാനങ്ങൾ യുഡിഎഫ് കൺവീനറായ താൻ അ‌റിഞ്ഞില്ല എന്നതാണ് അടൂർ പ്രകാശിനെ ചൊടിപ്പിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനത്തേക്ക് കോൺഗ്രസ് അ‌ംഗം എത്തണം എന്ന നിലയ്ക്കുള്ള ചില ചർച്ചകൾ പാർട്ടിക്കുള്ളിൽ നേരത്തെ ഉണ്ടായി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ അ‌ടൂർ പ്രകാശ് അ‌തൃപ്തി പരസ്യമാക്കുക കൂടി ചെയ്തതോടെ വിഷയം കൂടുതൽ വഷളായി.

അ‌ടൂർ പ്രകാശിന്റെ പത്രസമ്മേളനം ചർച്ചയായതിന് പിന്നാലെ കോൺഗ്രസിലെ ഒരുവിഭാഗത്തിലും ലീഗിലും അ‌തൃപ്തി രൂപപ്പെട്ടു. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം മുനീറിന് നൽകാൻ നേരത്തെ ധാരണ ആയതാണ്. എന്നിട്ടും കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്നാണ് ലീഗ് വിലയിരുത്തൽ.

വിഷയത്തിൽ എംകെ മുനീറും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിലും പ്രതിസന്ധികൾ സൃഷ്ടിച്ച് പദവിയിലേക്ക് വരുന്നതിലും തനിക്ക് പ്രയാസമുണ്ടെന്ന് മുനീർ വ്യക്തമാക്കി. ഇത് ഒരു ആലങ്കാരിക പദവിയോ ആരെയെങ്കിലും സഹായിക്കാനുള്ള പദവിയോ അല്ല. ലീഗിന്റെ പ്രസക്തി ഇന്നലെ ചർച്ച ചെയ്യാൻ തുടങ്ങിയ കാര്യവുമല്ല. എന്നെ സഹായിക്കാനുള്ള ഒരു ആലങ്കാരിക പദവിയായിരുന്നെങ്കിൽ ഈ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ചർച്ചയുടെ കൂടെ ഞാനും നിൽക്കുമായിരുന്നുവെന്നും മുനീർ പ്രതികരിച്ചു.

മുഖ്യമന്ത്രി വിഡി സതീശനെതിരായ അടൂർ പ്രകാശിൻ്റെ പരസ്യ പ്രതികരണത്തിൽ കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ് അ‌തൃപ്തി പ്രകടിപ്പിച്ചിരുന്നു. പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ പറയണം എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ പിന്നീട് നിലപാട് മാറ്റി. ”എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അവർ അതിൽ ഉചിതമായ നടപടി സ്വീകരിക്കട്ടെ. അടൂർ പ്രകാശ് മുതിർന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. അടൂർ പ്രകാശിന്റെ പരാതി സംബന്ധിച്ച് താൻ കക്ഷിയല്ല. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നാണ് സണ്ണി ജോസഫിന്റെ പുതിയ പ്രതികരണം.

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും ഞാൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രതികരണം ആരും നടത്താൻ പാടില്ലെന്നും കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞതാണെന്നും മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും എന്നെ വിമർശിച്ചുവെന്നും എന്തായാലും തനിക്ക് ഇപ്പോൾ അങ്ങനെ ഒരിഭിപ്രായമില്ലെന്നും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനിൽകുമാറും രംഗത്തെത്തി. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചർച്ചകൾ നടത്തേണ്ടത്. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ആസൂത്രിതമായി എന്തെങ്കിലും ഉണ്ടെന്ന് അറിവില്ലെന്നും കെസി വേണുഗോപാലിനെതിരെ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്നും അനിൽകുമാർ ചോദിച്ചു. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അനിൽകുമാർ പറഞ്ഞു.

English Summary

There is dissatisfaction within the Congress and the Muslim League regarding remarks made by UDF Convener Adoor Prakash during a press conference held recently. The League is displeased with his comments concerning the appointment to the Administrative Reforms Commission, while the Congress is unhappy with his statement that the Chief Minister does not keep them informed about matters. Leaders including Sunny Joseph, KP Anilkumar, Shanimol Usman, and K. Muraleedharan have responded to these remarks.

Follow Us