MVD: ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് മദ്യപിച്ച് വാഹനപരിശോധന; എംവിഡി ഉദ്യോഗസ്ഥന് സസ്പൻഷൻ
MVD Inspector Suspended In Ernakulam: എറണാകുളത്ത് മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടറിന് സസ്പൻഷൻ. മദ്യപിച്ച് വാഹനപരിശോധന നടത്തിയതിനാണ് ഇയാളെ സസ്പൻഡ് ചെയ്തത്.
മദ്യപിച്ച് വാഹനപരിശോധന നടത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പൻഷൻ. ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് മദ്യപിച്ച് വാഹനപരിശോധന നടത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാക്കനാട് ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻഎസ് ബിനുവിനെ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം സസ്പൻഡ് ചെയ്തത്.
ബുധനാഴ്ച രാത്രി വാഴക്കാല ജംഗ്ഷനിൽ വച്ചായിരുന്നു ബിനുവിൻ്റെ പരിശോധന. രാത്രി 10 മണിയോടെ ഇതുവഴി സഞ്ചരിക്കുകയായിരുന്ന ബിനു ഒരു ഓട്ടോറിക്ഷയിൽ നിന്ന് മത്സ്യം റോഡരികിലുള്ള സ്റ്റാളിലേക്ക് മാറ്റുന്നത് കണ്ട് വാഹനം നിർത്തി. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ചരക്കുസാധനങ്ങൾ കയറ്റിയെന്ന് പരാതി ലഭിച്ചെന്നും നിയമവിരുദ്ധമായതിനാൽ 5000 രൂപ പിഴയടക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാർ കൂടിയതോടെ ബിനു മദ്യപിച്ചിരിക്കുകയാണെന്ന് മനസ്സിലായത്. തുടർന്ന് ബിനുവിനെ തടഞ്ഞുവച്ച നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
തൃക്കാക്കര പോലീസാണ് സ്ഥലത്തെത്തിയത്. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാതെ ബിനുവിനെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നിലപാടെടുത്തതോടെ നാട്ടുകാരും പോലീസുമായി തർക്കമുണ്ടായി. ഒടുവിൽ ബിനുവിനെ ബ്രത്ത് അനലൈസർ ടെസ്റ്റിന് പോലീസ് വിധേയനാക്കുകയും മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയുമായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് ബിനുവിൻ്റെ രക്തസാമ്പിൾ ശേഖരിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടർ വാഹന നിയമപ്രകാരവും അലക്ഷ്യമായി വാഹനമോടിച്ചതിന് ഭാരതീയ ന്യായസംഹിത പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.