National Highway Underpass: ദേശീയ പാതകളുടെ അടിപ്പാതകൾ ഇനി ഇങ്ങനെ മാറും… പുതിയ മാറ്റം ഗുണം ചെയ്യുക വലിയ വാഹനങ്ങൾക്ക്
National highway infrastructure : ഒരേ കിലോമീറ്ററിനുള്ളിൽ രണ്ട് അടിപ്പാതകൾ വരുന്നുണ്ടെങ്കിൽ, പാതയുടെ ചെരിവ് ക്രമീകരിക്കുന്നതിനായി ഒരെണ്ണം നാല് മീറ്ററായും മറ്റൊന്ന് 3.5 മീറ്ററായും നിശ്ചയിക്കും. പുതിയ അടിപ്പാതകൾക്കെല്ലാം 12 മീറ്റർ വീതി ഉണ്ടായിരിക്കും.

Underpass
ആലത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാതകളുടെ ഉയരം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ദേശീയപാത അതോറിറ്റി. ഇനിമുതൽ നിർമിക്കുന്ന അടിപ്പാതകൾക്ക് കുറഞ്ഞത് നാല് മീറ്റർ ഉയരം ഉണ്ടായിരിക്കും. മൂന്ന് മീറ്റർ മാത്രം ഉയരമുള്ള ചെറിയ അടിപ്പാതകൾ ഗതാഗതത്തിന് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് സാങ്കേതിക വിഭാഗത്തിന്റെ ഈ പുതിയ തീരുമാനം.
വലിയ വാഹനങ്ങൾക്കും ഇനി തടസ്സമില്ല
പുതിയ തീരുമാനപ്രകാരം ബസുകൾക്കും ടോറസ് ലോറികൾക്കും സുഗമമായി കടന്നുപോകാൻ സാധിക്കും. ബസുകൾക്കും ടോറസുകൾക്കും പരമാവധി 3.8 മീറ്റർ വരെയാണ് ഉയരം വരുന്നത്. നാല് മീറ്റർ ഉയരം നൽകുന്നതോടെ ഇത്തരം വലിയ വാഹനങ്ങൾക്ക് അടിപ്പാതകൾ പ്രയോജനപ്പെടും.
ALSO READ: വിദ്യാര്‍ത്ഥികളുടെ ആവശ്യം എന്‍ടിഎ കേട്ടു; സിയുഇടി പിജിക്ക് ഇനിയും അപേക്ഷിക്കാം
ഒരേ കിലോമീറ്ററിനുള്ളിൽ രണ്ട് അടിപ്പാതകൾ വരുന്നുണ്ടെങ്കിൽ, പാതയുടെ ചെരിവ് ക്രമീകരിക്കുന്നതിനായി ഒരെണ്ണം നാല് മീറ്ററായും മറ്റൊന്ന് 3.5 മീറ്ററായും നിശ്ചയിക്കും. പുതിയ അടിപ്പാതകൾക്കെല്ലാം 12 മീറ്റർ വീതി ഉണ്ടായിരിക്കും.
പ്രധാന സ്ഥലങ്ങളിലെ മാറ്റങ്ങൾ
ആലത്തൂർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഈ മാറ്റം പ്രതിഫലിക്കും. കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ എന്നിവിടങ്ങളിൽ നാല് മീറ്റർ ഉയരമുള്ള അടിപ്പാതകളാണ് നിർമിക്കുക.
ജനങ്ങളുടെ ആവശ്യപ്രകാരം അനുവദിച്ച വാനൂരിലെ അടിപ്പാതയ്ക്ക് 3.5 മീറ്റർ ഉയരം നൽകും. 3.5 മീറ്ററിൽ കുറഞ്ഞ ഉയരം ഇനി എവിടെയും അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 25 വർഷത്തെ ഗതാഗത വളർച്ച മുന്നിൽ കണ്ടാണ് പാത രൂപകല്പന ചെയ്യുന്നത്. ദേശീയപാതയിൽ അറ്റകുറ്റപ്പണികളോ അപകടങ്ങളോ ഉണ്ടായാൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഉയരമുള്ള അടിപ്പാതകൾ അത്യന്താപേക്ഷിതമാണ്. പ്രാദേശികമായ മണ്ണിന്റെ ഘടനയും വെള്ളക്കെട്ട് സാധ്യതകളും പരിഗണിച്ചാണ് നിർമ്മാണ രീതിയിൽ മാറ്റം വരുത്തുന്നത്. കൂടാതെ, ദേശീയപാതയിൽ മേൽപ്പാലങ്ങൾ മണ്ണിട്ടുയർത്തി നിർമിക്കില്ലെന്നും തൂണുകളിൽ മാത്രമായിരിക്കും നിർമ്മാണമെന്നും അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.