Nehru Trophy Boat Race 2024 : നെഹ്റു ട്രോഫി വള്ളംകളി; എവിടെ, എപ്പോൾ ലൈവായി കാണാം?
Nehru Trophy Boat Race 2024 Malayalam Live : രാവിലെ 11 മണി മുതൽ നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമാകും. വൈകിട്ട് നാല് മണിയോടെയാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ
ആലപ്പുഴ : പുന്നമടയിലെ ആവേശത്തുഴയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വയനാട് ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായിരുന്നു 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് (Nehru Trophy Boat Race 2024) നാളെ സെപ്റ്റംബർ 28-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിയോടെ തുടക്കമാകും. വലിയ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും പുന്നമടയിൽ ചുണ്ടൻ വള്ളങ്ങൾ ഇറങ്ങുമ്പോൾ ആവേശം തിര പോലെ അലതല്ലിയെത്തുമെന്ന് ഉറപ്പാണ്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളും ഹീറ്റ്സ് മത്സരങ്ങൾക്ക് തുടക്കമാകും തുടർന്ന് ഉച്ചയ്ക്ക് ശേഷം ഉദ്ഘാടന ചടങ്ങുകളോടെയാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ.
19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 74 വള്ളങ്ങളാണ് നാളെ മത്സരത്തിനിറങ്ങുന്നത്. ഒമ്പത് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെ മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളും ഉണ്ടാവും.
ALSO READ : Nehru Trophy Boat Race 2024: ജലമേളക്കിനി മണിക്കൂറുകൾ മാത്രം, അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
രാവിലെ 11 മുതലാണ് മത്സരങ്ങള്‍ക്ക് തുടക്കമാകും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരമാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടന സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. ഇതിന് ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങൾ. ഉച്ചയ്ക്ക് ശേഷം ആദ്യം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം പിന്നാലെ ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. നാളെ വൈകിട്ട് നാല് മണി മുതലാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. 4.30 ഓടെ 70-ാം നെഹ്റു ട്രോഫിയിൽ ആര് മുത്തമിടുമെന്ന് അറിയാൻ സാധിക്കും.
നെഹ്റു ട്രോഫി വള്ളം കളി ലൈവായി എവിടെ കാണാം?
നാളെ സെപ്റ്റംബർ 28-ാം തീയതി രാവിലെ 11 മണി മുതലാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമാകുക. മലയാളത്തിലെ ഒട്ടുമിക്ക് ടെലിവിഷൻ ന്യൂസ് ചാനലുകളിലും നെഹ്റു ട്രോഫി വള്ളംകളി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇടവിടാതെ ദൂരദർശൻ മലയാളം ചാനലിൽ വള്ളംകളി മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതാണ്.
നെഹ്റു ട്രോഫി വള്ളം കളി മത്സരം ഓണലൈനിലൂടെ ലൈവായി എവിടെ കാണാം?
എല്ലാ ചാനലുകളുടെയും യുട്യൂബ് ചാനലിലൂടെ വള്ളംകളി മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്. അതേസമയം ഓൺലൈൻ മാധ്യമമായ ഫോർത്ത് ന്യൂസ് വള്ളംകളിയുടെ പ്രത്യേക ലൈവ് സംപ്രേഷണം രാവിലെ മുതൽ യുട്യൂബിലൂടെ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് മണി മുതൽ ദൂരദർശൻ നാഷ്ണലിൻ്റെ യുട്യൂബ് ചാനലിലും വള്ളംകളിയുടെ സംപ്രേഷണം ഉണ്ടാകുന്നതാണ്.
നാളെ ആലപ്പുഴയ്ക്ക് അവധി
നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. വള്ളംകളി പ്രമാണിച്ച് അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലും വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം പ്രമാണിച്ച് മാവേലിക്കര താലൂക്കിനുമാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.