Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ‘സഗൗരവം‘ സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിഎംപിയുടെ സിപി ജോണും, ആര്‍എസ്പിയുടെ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇടതുസര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ യുഡിഎഫില്‍ അത് അസാധാരണമാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് കൗതുകവുമേറി. ഇടതുപക്ഷ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് യുഡിഎഫിൽ എത്തിയ നേതാക്കളാണ് ഇരുവരും എന്നത് ഈ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്നു.
സിപി ജോണ്‍
എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയ നേതാവാണ് സിപി ജോണ്‍. എംവി രാഘവനൊപ്പം ഉറച്ചുനിന്ന അദ്ദേഹം, എംവിആര്‍ സിഎംപി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. കൂടെ വന്നവരില്‍ ചിലരൊക്കെ ഇടതുപാളയത്തില്‍ തിരികെയെത്തിയിട്ടും സിപി ജോണ്‍ എന്നും യുഡിഎഫിനൊപ്പമായിരുന്നു. ഇതാദ്യമായാണ് സിപി ജോണ്‍ മന്ത്രിയാകുന്നത്. ഗതാഗത വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ഇതിന് മുമ്പ് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടു.
ഷിബു ബേബി ജോണ്‍
ആർഎസ്പിയുടെ കരുത്തനായ നേതാവായിരുന്ന ബേബി ജോണിന്റെ മകനും നിലവിൽ പാർട്ടിയുടെ അമരക്കാരനുമാണ് ഷിബു ബേബി ജോണ്‍. മന്ത്രിസഭയില്‍ ഷിബു പുതുമുഖമല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. 2011-ല്‍ ചവറയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ എന്‍ വിജയന്‍ പിള്ളയോട് പരാജയപ്പെട്ടു. 2021-ല്‍ വിജയന്‍പിള്ളയുടെ മകന്‍ സുജിത്തിനോടും പരാജയപ്പെട്ടു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ സുജിത്തിനെ പരാജയപ്പെടുത്തി ഷിബു മണ്ഡലം തിരികെ പിടിച്ചു.
Also Read: Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം
അധികാരമേറ്റ് യുഡിഎഫ് സര്‍ക്കാര്‍
മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ് സതീശന്‍. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഡികെ ശിവകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എത്തിയില്ല.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും പങ്കെടുത്തു. സത്യപ്രതിജ്ഞ കാണാന്‍ നിരവധി പേരാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്.
മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് സതീശന്റെയും, കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചത്. നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് ചെന്നിത്തലയുടെ ഓഫീസ്.
English Summary
In the new UDF Cabinet, most ministers took their oath in the name of God. However, C.P. John and Shibu Baby John chose “solemn affirmation” instead. Both leaders come from a strong leftist and socialist political background. Their unique decision highlights their commitment to secular principles and party ideology.