Niraputhari : നിറ നിറ പൊലി പൊലി… കാർഷിക സമൃദ്ധി വിളിച്ചോതി നിറപുത്തിരി എത്തി, ശബരിമലയിലുൾപ്പെടെ നാളെ ചടങ്ങുകൾ നടത്തും
Niraputhari, Symbol of Prosperity and Agricultural Abundance: വിളവെടുത്ത നെല്ലിന്റെ ഒരു ഭാഗം ഭഗവാന് സമർപ്പിക്കുക എന്നതാണ് നിറപുത്തരിക്ക് പിന്നിലെ ഐതിഹ്യം. വീടുകളിൽ ഐശ്വര്യവും, അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങാണ് നിറപുത്തരിയെന്ന് പഴമക്കാർ പറയുന്നു.

Sabarimala Niraputhari ( Old Pic)
പത്തനംതിട്ട: കേരളത്തിലെ പല വീടുകളുടെയും പൂമുഖത്ത് പൂജിച്ച നെൽക്കതിരുകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം. നിറപുത്തരി എന്ന ആചാരത്തിന്റെ ഭാഗമാണിത്. ഈ നെൽക്കതിരുകൾ ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്നതാണ്. മികച്ച വിളവിനും ഐശ്വര്യലക്ഷ്മി വീടിന്റെ ഉമ്മറത്തേക്ക് കടന്നുവന്ന് വരുന്ന വർഷത്തേക്ക് പുണ്യം നൽകുമെന്ന വിശ്വാസത്തിലുമാണ് ഇവ വീടുകളിൽ സൂക്ഷിക്കുന്നത്.
ശബരിമലയിൽ നിറപുത്തരി പൂജകൾക്ക് ഒരുങ്ങുന്നു
നിറപുത്തരി പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. മറ്റ് പ്രത്യേക പൂജകളൊന്നും ഈ ദിവസം ഉണ്ടായിരിക്കില്ല.
Read more: 35 വയസ്സിനു ശേഷം ഇവർക്കെല്ലാം ധനയോഗം, വമ്പൻ നേട്ടം
ബുധനാഴ്ച പുലർച്ചെ 5:30-ന് നിറപുത്തരി ചടങ്ങുകൾ ആരംഭിക്കും. പതിനെട്ടാംപടിയിൽ സമർപ്പിക്കപ്പെട്ട നെൽക്കറ്റ തന്ത്രി ഏറ്റുവാങ്ങും. ഇത് ശുദ്ധിവരുത്തിയ ശേഷം മേൽശാന്തിക്കും കീഴ്ശാന്തിക്കും നൽകും. അവർ നെൽക്കറ്റ തലയിലേറ്റി ക്ഷേത്രത്തിന് വലംവെക്കും.
നിറപുത്തരി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം കൊണ്ടാടുന്നത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഈ ആഘോഷത്തിൽ നെല്ലിനെയാണ് പ്രധാനമായും പൂജിക്കുന്നത്. കൃഷിയിൽ നല്ല വിളവ് ലഭിക്കാനും നാടിന്റെ മൊത്തം സമൃദ്ധിക്കും വേണ്ടിയുള്ള ഒരു പ്രാർത്ഥന കൂടിയാണിത്. വിളവെടുത്ത നെല്ലിന്റെ ഒരു ഭാഗം ഭഗവാന് സമർപ്പിക്കുക എന്നതാണ് നിറപുത്തരിക്ക് പിന്നിലെ ഐതിഹ്യം. വീടുകളിൽ ഐശ്വര്യവും, അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങാണ് നിറപുത്തരിയെന്ന് പഴമക്കാർ പറയുന്നു.
കൊയ്ത്ത് കഴിഞ്ഞ് നെല്ല് പത്തായത്തിൽ നിറയ്ക്കുന്നതിന് മുൻപായി വീടും പരിസരവും അറയും പത്തായവും, ഒപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഒരു ചടങ്ങാണിത്. ക്ഷേത്രങ്ങളിലും ഈ ചടങ്ങ് പതിവുണ്ട്. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ വീട്ടിൽ കുടിയിരുത്തുന്നു എന്നാണ് വിശ്വാസം. കർക്കടകത്തിന്റെ രണ്ടാം പകുതിയിലോ ചിലയിടങ്ങളിൽ ചിങ്ങത്തിലോ ആണ് ഈ ചടങ്ങ് നടത്താറുള്ളത്.
ധാന്യവിള എന്നതിലുപരി, നെല്ലും നെൽപാടങ്ങളും നെൽകൃഷിയും ഒരു കാർഷിക സംസ്കൃതിയുടെ സുവർണ്ണ മുദ്രകളായാണ് കണക്കാക്കപ്പെടുന്നത്. ആദ്യ വിളവെടുക്കുന്ന നെൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിച്ച് നൈവേദ്യമായി സമർപ്പിച്ച് ഈശ്വരാനുഗ്രഹം നേടുന്നത് ഈ ആചാരത്തിന്റെ ഭാഗമാണ്. ഒന്നാം വിള നെല്ല് വിളഞ്ഞുനിൽക്കുന്ന വയലിൽ നിന്ന് അറുത്തെടുത്ത നിറകതിർ, ഇല്ലി, നെല്ലി, പൂവാംകുറുന്തൽ, പ്ലാശ്, ചമത, തകര, കടലാടി തുടങ്ങിയ ഇലകളുമായി കൂട്ടിക്കെട്ടി പട്ടിൽ പൊതിഞ്ഞാണ് ക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്നത്.