Sabarimala: ആകാശത്ത് ഡ്രോണുകൾ, താഴെ ‘എ.ഐ’; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും
Sabarimala AI System: Temple to Use Drones and AI Tech for Crowd Management: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയുമായി ചർച്ച നടത്തിയിരുന്നു. ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾ ശബരിമലയിലെ പുതിയ പദ്ധതിക്കായിയുള്ള പ്രപ്പോസൽ അവതരിപ്പിക്കുകയും ചെയ്തു. പദ്ധതിയെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതികളുമായി അധികൃതർ. മണിക്കൂറുകൾ നീളുന്ന ക്യൂവും ദർശനത്തിനായുള്ള കാത്തിരിപ്പും ഒഴിവാക്കുന്നതിനായി ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായം തേടാൻ ഒരുങ്ങുകയാണ് സർക്കാർ. ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനവും, കൂടുതൽ സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയുമായി ചർച്ച നടത്തിയിരുന്നു. ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾ ശബരിമലയിലെ പുതിയ പദ്ധതിക്കായിയുള്ള പ്രപ്പോസൽ അവതരിപ്പിക്കുകയും ചെയ്തു. പദ്ധതിയെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും, തീർത്ഥാടകരുടെ സുരക്ഷയ്ക്കുമായി എ.ഐ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“മഹാ കുംഭമേളയിലും വലിയ ജനത്തിരക്ക് അനുഭവപ്പെടാറുള്ള മറ്റ് പരിപാടികളിലും എ.ഐ അടിസ്ഥാനമാക്കിയുള്ള ക്രൗഡ് മാനേജ്മെൻ്റ് സിസ്റ്റം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വനത്തിനുള്ളിലാണ് എന്നതിനാൽ ശബരിമലയ്ക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. വരുന്ന തീർത്ഥാടന കാലയളവിൽ ഘട്ടംഘട്ടമായി ഈ സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.” ആർ ആനന്ദ് പറഞ്ഞു.
Also Read: Angamaly-Aroor Highway: അങ്കമാലി-അരൂര്‍ ദേശീയപാതയില്‍ ഇനി നോണ്‍ സ്‌റ്റോപ്പ് യാത്ര; നിര്‍മാണം ഉടന്‍ ആരംഭിക്കും
ശബരിമലയിൽ നിലവിൽ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എ.ഐ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേർത്തു “ഭക്തർക്ക് സുഗമമായ ദർശനവും, കൂടുതൽ സുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. സന്നിധാനത്ത് വെച്ച് കൂട്ടംതെറ്റിപ്പോകുകയോ കാണാതാവുകയോ ചെയ്യുന്നവരെ എളുപ്പത്തിൽ കണ്ടെത്താനുമാകും. കൂടാതെ 26 പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നുള്ള തീർഥാടകരുടെ നീക്കം പൊലീസുകാരുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെ തന്നെ നിയന്ത്രിക്കാനാകും” ഉത്സവകാലത്ത് സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെർച്വൽ ക്യൂ സംവിധാനവുമായി എ.ഐ സാങ്കേതികവിദ്യയെ നേരിട്ട് ബന്ധിപ്പിക്കാനാണ് പദ്ധതി. ഓരോ ഇടത്താവളങ്ങളിലും എത്തുന്ന വാഹനങ്ങളുടെ എണ്ണവും ഭക്തരുടെ തിരക്കും എ.ഐ ക്യാമറകൾ വഴി ശേഖരിച്ച് പ്രധാന കൺട്രോൾ റൂമിലേക്ക് കൈമാറും. സന്നിധാനത്ത് തിരക്ക് പരിധി വിടുകയാണെങ്കിൽ, പമ്പയിലോ നിലയ്ക്കലോ മറ്റ് പ്രധാന ഇടത്താവളങ്ങളിലോ ഭക്തരെ താൽക്കാലികമായി നിയന്ത്രിക്കാനും അവർക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കും. പോലീസ്, ദേവസ്വം ബോർഡ്, ആരോഗ്യവകുപ്പ് ഉൾപ്പടെ വിവിധ വകുപ്പുകളുടെ ഏകോപനം പുതിയ സാങ്കേതികവിദ്യ വഴി കൂടുതൽ വേഗത്തിലാകും.
English Summary
To effectively manage massive crowds during the upcoming pilgrimage season, the Sabarimala temple will deploy an AI-enabled crowd management system featuring drones, AI cameras, and GIS mapping. This predictive technology will forecast crowd density, ensure hassle-free darshan, trace missing pilgrims, and automate parking management. The existing virtual queue system will continue to operate alongside these advanced AI measures.