Pathanamthitta: കൂട്ട ആത്മഹത്യാശ്രമം; പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു, രണ്ട് പേർ ചികിത്സയിൽ
Pathanamthitta family self murder attempt: സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുവും വാർഡ് മെമ്പറും ആരോപിക്കുന്നു.

പ്രതീകാത്മക ചിത്രം
കൊടുമൺ: പത്തനംതിട്ട കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കാൻ ശ്രമിച്ചു. അമ്മയും അച്ഛനും മകനുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടമ്മ മരിച്ചു. 48 കാരി ലീലയാണ് മരിച്ചത്.
ലീലയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ ഒരു മകൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് വിവരം.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി ബന്ധുവും വാർഡ് മെമ്പറും ആരോപിക്കുന്നു. ഞായറാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും മകൻ പേടിയാണെന്ന് പറഞ്ഞ് പിന്മാറി. മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ജീവനൊടുക്കുകയായിരുന്നു. രാവിലെ മുറിയിൽലീലയെ മരിച്ച നിലയിൽ കാണുകയും തുടർന്ന് മകനും പിതാവും അമിതമായി ഗുളികകൾ കഴിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ സാമ്പത്തിക ബാധ്യത സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞെങ്കിലും ഇരുവരും ഗുളിക കഴിച്ച കാര്യം മറച്ചുവെച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇത് ബോധ്യമായ പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056 )