AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sreelekha IPS: സംസ്ഥാന പൊലീസ് ചരിത്രത്തിന്റെ ഭാ​ഗമായ വനിത; കരിയറിൽ വിവാദങ്ങൾ തുടർക്കഥയായി, ആർ ശ്രീലേഖ ബിജെപയിലെത്തുമ്പോൾ

R Sreelekha IPS Controversies: ട്രാക്ക് റെക്കോർഡുകളിൽ മുന്നിലായിരുന്നെങ്കിലും പൊലീസ് സേനയ്ക്ക് അകത്തും പുറത്തുമുണ്ടാക്കിയ വിവാദങ്ങൾ മികവിനെ ഇടിച്ചു താഴ്ത്തുന്നതായിരുന്നു. ഈ വിവാദങ്ങളാണ് സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകാനുള്ള സാധ്യത പോലും തട്ടിത്തെറിപ്പിച്ചത്.

Sreelekha IPS: സംസ്ഥാന പൊലീസ് ചരിത്രത്തിന്റെ ഭാ​ഗമായ വനിത; കരിയറിൽ വിവാദങ്ങൾ തുടർക്കഥയായി, ആർ ശ്രീലേഖ ബിജെപയിലെത്തുമ്പോൾ
Image Credits: R sreelekha facebook
athira-ajithkumar
Athira CA | Published: 09 Oct 2024 18:49 PM

തിരുവനന്തപുരം: മലയാളിയായ ആദ്യ ഐപിഎസ് ഉദ്യോ​ഗസ്ഥ, ആദ്യ വനിതാ ഡിജിപി അങ്ങനെ കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച ധീരയായ വനിതാ ഐപിഎസ് ഓഫീസറാണ് ആർ ശ്രീലേഖ. ട്രാക്ക് റെക്കോർഡുകളിൽ മുന്നിലായിരുന്നെങ്കിലും പൊലീസ് സേനയ്ക്ക് അകത്തും പുറത്തുമുണ്ടാക്കിയ വിവാദങ്ങൾ മികവിനെ ഇടിച്ചു താഴ്ത്തുന്നതായിരുന്നു. ഈ വിവാദങ്ങളാണ് സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകാനുള്ള സാധ്യത പോലും തട്ടിത്തെറിപ്പിച്ചത്.

ജയിൽ ഡിജിപിയായിരുന്നപ്പോഴും വിവാദ ഉത്തരവുകളും പരാമർസങ്ങളും നടത്തി. ഔദ്യോ​ഗിക ഫോണിലേക്ക് അസമയത്ത് വിളിക്കരുതെന്നും നിർദ്ദേശം ലംഘിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നുമുള്ള ഉത്തരവ് വൻവിവാദമായി. സേന അമർഷം പുകഞ്ഞിട്ടും ഈ വിഷയത്തിൽ വീണ്ടും ഉത്തരവിറക്കി. ഈ വിവാദ സർക്കുലർ പിന്നീട് ഋഷിരാജ് സിം​ഗിന്റെ കാലത്താണ് തിരുത്തിയത്. ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോട് ചിറ്റമ്മ നയമാണെന്നുള്ള പരാമർശവും തലവേദനയായി മാറി.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ, എസ്ഐ റാങ്കുകളിലെല്ലാം വനിത ഉ​ദ്യോ​ഗസ്ഥരായിരിക്കും എന്ന് പറ‍ഞ്ഞതും അമർഷത്തിന് ഇടയാക്കി. സ്ത്രീകൾ നൽകുന്ന പരാതിയിന്മേൽ അന്വേഷണം നടത്താൻ വനിതാ ഉദ്യോ​ഗസ്ഥർക്കെ സാധിക്കൂവെന്ന പരാമർശവും ചർച്ചകൾക്ക് വഴിതെളിച്ചു.

ശ്രീലേഖയ്ക്ക് പകരം ജയിൽ ഡിജിപിയായി എത്തിയ ഋഷിരാജ് സിം​ഗിനെതിരായ ഫേസ്ബുക്ക് പോസ്റ്റും വിവാദം ക്ഷണിച്ചുവരുത്തി. താൻ മേധാവിയായിരുന്നപ്പോൾ ജയിൽ വകുപ്പ് മികച്ചതായിരുന്നെന്നും പിന്നീട് ലഹരി കേന്ദ്രമായി മാറിയെന്നുമായിരുന്നു ആരോപണം. ആറ്റുകാൽ പൊങ്കാലയുടെ ഭാ​ഗമായ കുത്തിയോട്ട ചടങ്ങിൽ കുട്ടികളെ പങ്കെടുക്കുന്നതിനെതിരെ പ്രതികരിച്ചതിലൂടെ ഹിന്ദു സംഘടനകളുടെ റെഡ് ലിസ്റ്റിലും ഉൾപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ച നടൻ ദിലീപിന് സഹായം ചെയ്ത് നൽകിയെന്നായിരുന്നു മറ്റൊരു തുറന്നുപറച്ചിൽ. മനോര ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

”വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ വീണു. ടിവിയിൽ കാണുന്ന ആളാണോ എന്ന് തോന്നിപ്പോയി. അത്രയ്ക്ക് വികൃതമായി പോയിരുന്നു ദിലീപിന്റെ രൂപം. ഞാനയാളെ സൂപ്രണ്ടിന്റെ മുറിയിലേക്ക് കൊണ്ടുവന്നു. കുടിക്കാനായി കരിക്ക് നൽകി. കിടക്കാനായി രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ഇയർബാലൻസിന് പരിശോധിക്കാൻ ഡോക്ടറെ വിളിപ്പിച്ചു. നല്ല ആഹാരം നൽകാനും ഉദ്യോ​ഗസ്ഥരെ ഏർപ്പാടാക്കി എന്നതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ. മുതിർന്ന ഉദ്യോ​ഗസ്ഥർ കീഴുദ്യോ​ഗസ്ഥരെ ലെെം​ഗികമായി ദുരുപയോഗം ചെയ്യുന്നു എന്ന ഗുരുതര ആരോപണവും ശ്രീലേഖ ഉന്നയിച്ചിരുന്നു.

തന്റെ പരാതിയിന്മേൽ നടപടിയെടുക്കാൻ മ്യൂസിയം പൊലീസ് തയ്യാറായില്ലെന്ന ആരോപണവും ശ്രീലേഖയെ സേനയ്ക്കുള്ളിലെ കരടാക്കി മാറ്റി. ഈ വർഷം ആദ്യം സോളാർ വൈദ്യുതി ബില്ലിന്റെ പേരിൽ കെഎസ്ഇബിക്കെതിരെ ആരോപണവുമായി ശ്രീലേഖ രം​ഗത്തെത്തിയിരുന്നു.

ജയിൽ ‍മേ‍ധാവിയായിരിക്കെ, തടവുകാരുടെ പുനരധിവാസത്തിനും ജയിൽ നവീകരണത്തിനുമായി പദ്ധതികൾ തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി രൂപം നൽകിയ ‘നിർഭയ’ പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവ‍നത്തിനും രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹയാക്കി. എഴുത്തുകാരിയായ ശ്രീലേഖ ഐപിഎസ് പത്തിലേറെ പുസ്തകങ്ങൾ പുറത്തിറക്കി. വിരമിക്കൽ ജീവിതം ആഘോഷിക്കുന്നതിനിടെയാണ് രാഷ്ട്രീയ പ്രവേശനം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ ഇന്ന് പാർട്ടി അം​ഗത്വം സ്വീകരിച്ചത്.