Rahul Gandhi On Jenson Demise: ‘ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചല്ല’; ശ്രുതിയെ ആശ്വാസിപ്പിച്ച് രാഹുൽ ഗാന്ധി
Facebook Post of Rahul Gandhi On Jenson Demise: ജെൻസന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ശ്രുതി ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കേരളക്കരയെ ഒന്നാകെ കരയിപ്പിച്ച സംഭവമാണ് ജെൻസ്ന്റെ വിയോഗ വാർത്ത. വയനാട് ഉരുൾപൊട്ടലിൽ ഒരു കുടുംബം മുഴുവൻ നഷ്ടമായ ശ്രുതിക്ക് ഏക ആശ്രയമായിരുന്നു ജെൻസൻ. ഉള്ളുപിടയുമ്പോഴും ശ്രുതി സമാധാനം കണ്ടെത്തിയത് ജെൻസൻ കൂടെയുള്ള വിശ്വാസത്തിലാണ്. എന്നാൽ ഇന്ന് ശ്രുതിക്ക് അതും നഷ്ടമായി. ഇരുവരുടെയും ദുഃഖത്തിൽ ഒരു നാട് തന്നെ പങ്കുച്ചേരുന്ന കാഴ്ചയായിരുന്നു കണ്ടത്. ജെൻസന്റെ വിയോഗത്തിൽ നിരവധി രാഷ്ട്രീയ സിനിമ രംഗത്തുള്ളവരും അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ജെൻസന്റെ വിയോഗത്തിൽ മനംതൊടുന്ന കുറിപ്പ് പങ്കുവച്ച് വയനാട് മുൻ എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി.
ജെൻസന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ശ്രുതി ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ താനു പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും അറിഞ്ഞിരുന്നുവെന്നും. ആ നഷ്ടത്തിലും അവൾ ധൈര്യവതിയായി നിന്നു. അതുപോലെ ഈ ദുഷ്‌കരമായ സമയത്ത് തനിച്ചല്ലെന്ന് മനസ്സിലാക്കണമെന്നും രാഹുൽ ഗാന്ധി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗം… ദുഷ്‌കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെ.
അതേസമയം ജെൻസന്റെ മൃതദേഹം സംസ്കരിച്ചു. ഒരു നാടാകെ ഒന്നിച്ചു സംസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ കൂടിനിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞിരുന്നു. അതി വൈകാരികമായ കാഴ്ചയായിരുന്നു ജെൻസന്റെ വീട്ടിൽ അരങ്ങേറിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർ പാടുപ്പെട്ടു. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകിയാണ് യാത്രയാക്കിയത്. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്കാരം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ജെൻസൻ ബുധനാഴ്ച രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസണ്‍. അപകടത്തിൽ ശ്രുതിയുടെ കാലിനും പരിക്കേറ്റിരുന്നു.ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ഒരു മാസം തികയുമ്പോഴായിരുന്നു ഉരുൾപൊട്ടലിൽ ശ്രുതിക്ക് എല്ലാം നഷ്ടമാകുന്നത്. ഇതിനു പിന്നാലെ ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തിൽ മരണപ്പെട്ടതിനാൽ സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയിലാണ് പ്രിയതമനെയും ശ്രുതിക്ക് നഷ്ടമാകുന്നത്.