Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടോ? എംഎല്‍എ സംസ്ഥാനം കടന്നെന്ന് പൊലീസിന് സൂചന
Where is Rahul Mamkootathil MLA: രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടെന്ന് സംശയിച്ച് പൊലീസ്. ചുവന്ന കാറിലാണ് രാഹുല്‍ മുങ്ങിയതെന്ന് സംശയിക്കുന്നു. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരളം വിട്ടെന്ന് സംശയിച്ച് പൊലീസ്. യുവനടിയുടെ ചുവന്ന കാറിലാണ് രാഹുല്‍ മുങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിവിദഗ്ധമായാണ് രാഹുല്‍ കടന്നു കളഞ്ഞത്. ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് പൊലീസ്. രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും, ഡ്രൈവറെയുമടക്കം ചോദ്യം ചെയ്‌തെങ്കിലും എംഎല്‍എ എവിടെയാണെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
നേരത്തെ രാഹുലിന്റെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, പരാതിക്കാരിക്കെതിരെ രാഹുല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഓഡിയോ ചാറ്റ് അടക്കമുള്ള തെളിവുകള്‍ പെന്‍ഡ്രൈവിലാക്കി അഭിഭാഷകന്‍ മുഖേനയാണ് കോടതിയില്‍ ഹാജരാക്കിയത്. പരാതിക്കാരിക്കെതിരെ മൂന്ന് ഡിജിറ്റല്‍ രേഖകളാണ് രാഹുല്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയും രാഹുലിനെതിരെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് നിയമപരമല്ലെന്നാണ് രാഹുലിന്റെ വാദം. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും.
Also Read: Rahul Easwar: 14 ദിവസം റിമാൻ്റിൽ, പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കും; രാഹുൽ ഈശ്വർ
രാഹുലിന്റെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഇനിയും വീഡിയോ ചെയ്യുമെന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം.
രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും, അവരെ തിരിച്ചറിയുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സന്ദീപിന്റെ വാദം.