Kerala Rain Alert: ഇന്ന് മുതല്‍ ഇടിമിന്നലെത്തും, കേരളത്തില്‍ മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Kerala Weather Alert: കേരളത്തില്‍ ഇന്ന് മുതല്‍ ഡിസംബര്‍ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 2) മുതല്‍ ഡിസംബര്‍ നാല് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന് സാധ്യതയുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ നാളെ (ഡിസംബര്‍ 3) നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റ് എല്ലാ ജില്ലകളിലും നാളെ നേരിയതോ, മിതമായതോ ആയ തോതില്‍ മഴ പ്രതീക്ഷിക്കാം. ഡിസംബര്‍ 4, 5 തീയതികളിലും എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. മിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം.
ശബരിമലയില്‍ ഇന്ന് ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിച്ചിരുന്നു. വടക്കന്‍ കേരളത്തിലാണ് കൂടുതലായും മഴ ലഭിച്ചത്.
ഡിസംബറില്‍ മഴ എങ്ങനെ?
എന്നാല്‍ ഈ മാസം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നില്ല. ഡിസംബറില്‍ സാധാരണയോ, അതില്‍ താഴെയോ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. നവംബര്‍ മാസത്തില്‍ 58 ശതമാനം മഴയാണ് ലഭിച്ചത്. 42 ശതമാനമാണ് കുറവ് സംഭവിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. കുറവ് കണ്ണൂരിലും.