Rahul Mamkuttathil: യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക എത്തിച്ചതെന്ന് രാഹുലിന്റെ സുഹൃത്ത്… മുൻകൂർ ജാമ്യാപേക്ഷയുമായി രണ്ടാം പ്രതി
Rahul mamkoottathil case Latest update: യുവതിയുടെ ആവശ്യപ്രകാരമാണ് ഗുളിക എത്തിച്ചതെന്നും, ഗുളികയുടെ സ്വഭാവത്തെക്കുറിച്ച് തനിക്ക് മറ്റൊരറിവുമില്ലെന്നുമാണ് ജോബി കോടതിയിൽ ഉന്നയിക്കുന്നത്.

Rahul Mamkuttam Case Update
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.
യുവതിയുടെ ആവശ്യപ്രകാരമാണ് ഗുളിക എത്തിച്ചതെന്നും, ഗുളികയുടെ സ്വഭാവത്തെക്കുറിച്ച് തനിക്ക് മറ്റൊരറിവുമില്ലെന്നുമാണ് ജോബി കോടതിയിൽ ഉന്നയിക്കുന്നത്. ജോബി ജോസഫും നിലവിൽ ഒളിവിലാണ്. ഈ ഹർജി കോടതി പരിഗണിക്കുന്നത് ഡിസംബർ 17-ലേക്ക് മാറ്റിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം; പ്രോസിക്യൂഷൻ അപ്പീലിന്
അതേസമയം, യുവതിയെ ഹോംസ്റ്റേയിൽവെച്ച് പീഡിപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയുടെ നിർദേശപ്രകാരം, രാഹുൽ മൂന്ന് മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം.
കൂടാതെ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിൽ പറയുന്നു. രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.