Summer Special Train: ട്രെയിനിൽ തിരക്ക് കുറയും… മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സമ്മർ സ്പെഷ്യൽ ചാകര
Summer Special Train Service: ഏപ്രിൽ 24 (വെള്ളിയാഴ്ച്ച) രാത്രി മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് വഴി തമിഴ്‌നാട്ടിലെ പോത്തനൂരിലേക്കാണ് സർവീസ് നടത്തുന്നത്. മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.15ന് പോത്തനൂർ ജംഗ്ഷനിൽ എത്തിച്ചേരുന്ന രീതിക്കാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
വേനൽക്കാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ സമ്മർ സ്പെഷ്യൽ ട്രെയിൻ (Summer Special Train Service) സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. മംഗളൂരുവിൽ നിന്ന് കേരളം വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്കാണ് ഇത്തവണ ബമ്പർ അടിച്ചിരിക്കുന്നത്. മംഗളൂരു സെൻട്രൽ – പോത്തനൂർ ജംഗ്ഷൻ വൺ-വേ സ്പെഷ്യൽ എക്സ്പ്രസ് സർവീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽക്കാല അവധി പ്രമാണിച്ച് ട്രെയിനുകളിലെ അമിത തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ ഇടപെടൽ.
ഏപ്രിൽ 24 (വെള്ളിയാഴ്ച്ച) രാത്രി മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് വഴി തമിഴ്‌നാട്ടിലെ പോത്തനൂരിലേക്കാണ് സർവീസ് നടത്തുന്നത്. മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.15ന് പോത്തനൂർ ജംഗ്ഷനിൽ എത്തിച്ചേരുന്ന രീതിക്കാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ALSO READ: കൊച്ചി മെട്രോ കയറി പത്തനംതിട്ടയ്ക്ക് പോകാം; ഞെട്ടേണ്ടാ സത്യമാ
02- എസി ടു-ടയർ കോച്ചുകൾ, 08- എസി ത്രീ-ടയർ കോച്ചുകൾ, 06- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 04- സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, 01- സെക്കൻഡ് ക്ലാസ് കോച്ച് കം ലഗേജ് ബ്രേക്ക് വാൻ കോച്ച്, 01- ജനറേറ്റർ കാർ കോച്ച് എന്നിങ്ങനെയാണ് സമ്മർ സ്പെഷ്യൽ ട്രെയിനിലെ കോച്ചുകളുടെ ക്രമീകരണം.
ട്രെയിനിൻ്റെ സമയവും റൂട്ടും
വൺ-വേ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി 11ന് (ട്രെയിൻ നമ്പർ 06131) മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 6.15ന് പോത്തനൂരിൽ എത്തിച്ചേരും. മംഗളൂരു സെൻട്രൽ, കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംക്‌ഷൻ, പാലക്കാട് ജംക്‌ഷൻ, പോത്തനൂർ ജംക്‌ഷൻ എന്നീ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.
900 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി നിരവധി പ്രത്യേക സർവീസുകളാണ് ഇത്തവണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സോണുകളിലായി ജൂലൈ 15വരെ 900- സ്പെഷ്യൽ ട്രെയിനുകൾ 18,262 സർവീസ് നടത്തുമെന്ന് റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സൗത്ത് സെൻട്രൽ റെയിൽവേയിൽ 124 ട്രെയിനുകളും (1,184 ട്രിപ്പ്), വെസ്റ്റേൺ റെയിൽവേയിൽ 106 ട്രെയിനുകളും (2078 ട്രിപ്പ്), ദക്ഷിണ റെയിൽവേയിൽ 72 ട്രെയിനുകളും (558 ട്രിപ്പ്), സെൻട്രൽ റെയിൽവേയിൽ 74 ട്രെയിനുകളും (3082 ട്രിപ്പ്), നോർത്തേൺ റെയിൽവേയിൽ 76 ട്രെയിനുകളും (2090 ട്രിപ്പ്) ആണ് സർവീസ് നടത്തുക.
കൂടാതെ ഈസ്റ്റ് സെൻട്രൽ, നോർത്ത് വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ തുടങ്ങി മറ്റ് സോണുകളിലും പ്രത്യേക ട്രെയിനുകൾ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾക്ക് പുറമെ ഹ്രസ്വദൂര സർവീസുകളും അനുവദിച്ചിട്ടുണ്ട്. അനുവദിച്ചവയിൽ 660- ട്രെയിനുകൾ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞു. വേനൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണത്തിലുള്ള വർധനയും കൂടി പരിഗണിച്ചാണ് റെയിൽവേയുടെ ഇടപെടൽ.
സമ്മർ സ്പെഷ്യൽ ട്രെയിനുമായി ബന്ധപ്പെട്ട് റെയിൽവേ പുറത്തിറക്കിയ അറിയിപ്പ്