Railway Update: കോട്ടയത്തേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് വൻ തിരിച്ചടി
Train Service From Kottayam Cancelled: ചൈന്നൈ - കോട്ടയം സർവീസ് റദ്ദാക്കി ദക്ഷിണ റെയിൽവേ. തിരികെ ചെന്നൈയിലേക്കുള്ള സർവീസും റദ്ദാക്കി.
കോട്ടയത്തേക്കും കോട്ടയത്ത് നിന്നുമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ദക്ഷിണ റെയിൽവേ അറിയിച്ചത്. ചെങ്കല്പേട്ട് – തിരുനൽവേലി, ചെന്നൈ – നാഗർകോവിൽ അപ് ആൻഡ് ഡൗൺ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്പെഷ്യൽ സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 22ന് വൈകുന്നേരം 3.10ന് ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06121 പൂർണമായും റദ്ദാക്കി. 23ന് ഉച്ചകഴിഞ്ഞ് 2.05ന് കോട്ടയത്ത് നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 06122ഉം പൂർണമായി റദ്ദാക്കി. ദീപാവലിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച സ്പെഷ്യൽ സർവീസുകളാണ് ഇത്.
ഈ മാസം 24, 26 തീയതികളിൽ ചെങ്കല്പേട്ട് – തിരുനൽവേലി റൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും സർവീസ് നടത്തുന്ന ട്രെയിനുകളും 28, 29 തീയതികളിൽ പരസ്പരം ചെന്നൈ – നാഗർകോവിൽ സർവീസ് നടത്തുന്ന ട്രെയിനുകളും റദ്ദാക്കി. യാത്രക്കാർ കുറവായതിനാലാണ് ഈ സർവീസുകൾ റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.