Diwali Special Train: കേരളത്തിലേക്ക് കൂടുതൽ ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്റ്റോപ്പുകളും സമയക്രമവും
Railways Announce More Diwali Special Trains to Kerala: ഒക്ടോബർ 13 രാവിലെ 8 മണി മുതൽ റിസർവേഷൻ ആരംഭിക്കും. യാത്രക്കാർക്ക് ട്രെയിനുകളിലെ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ദീപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ റൂട്ടിലും, എസ്എംവിടി ബെംഗളൂരു-കൊല്ലം റൂട്ടിലും, മംഗളൂരു-ചെന്നൈ റൂട്ടിലുമാണ് പുതിയ സർവീസുകൾ.
പ്രധാന ട്രെയിനുകളും സമയക്രമവും
1. തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ
06108 തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ സ്പെഷ്യൽ: ഒക്ടോബർ 21 വൈകീട്ട് 5.10-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും. ഒക്ടോബർ 22 ഉച്ചയ്ക്ക് 1.25-ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവയാണ് സ്റ്റോപ്പുകൾ.
2. ബെംഗളൂരു – കൊല്ലം സ്പെഷ്യൽ ട്രെയിനുകൾ
06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യൽ എക്‌സ്പ്രസ്: ഒക്ടോബർ 21 രാത്രി 11 മണിക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.55-ന് കൊല്ലത്ത് എത്തും. 06568 കൊല്ലം-ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ എക്‌സ്പ്രസ് ഒക്ടോബർ 22 വൈകീട്ട് 5 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.45-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യൽ എക്‌സ്പ്രസ് ഒക്ടോബർ 16-ന് വൈകീട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20-ന് കൊല്ലത്ത് എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ്.
3. മംഗളൂരു – ചെന്നൈ സ്പെഷ്യൽ (ഷൊർണൂർ വഴി)
06002 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സ്പെഷ്യൽ എക്‌സ്പ്രസ്: ഒക്ടോബർ 21 വൈകീട്ട് 4.35-ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.15-ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. കാസർകോട്, കണ്ണൂർ, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
ഒക്ടോബർ 13 രാവിലെ 8 മണി മുതൽ റിസർവേഷൻ ആരംഭിക്കും. യാത്രക്കാർക്ക് ട്രെയിനുകളിലെ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.