Rajakkad Tourist Bus Accident: രാജാക്കാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു; ബസിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികൾ
Rajakkad Tourist Bus Accident: തമിഴ്നാട് സ്വദേശികളായ 19 പേരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. തമിഴ്നാട് സ്വദേശികളായ 19 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിലാണ് അപകടമുണ്ടായത്.
തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് അമിതവേഗതയിലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അമിതവേഗതയിലെത്തിയ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ടു. പരിക്കേറ്റവരെ ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടികളടക്കം 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.