Palakkad Municipality Hedgewar Controversy: പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ എന്തിന്? കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്
Palakkad Municipality Hedgewar Controversy: സ്പെഷ്യൽ സ്കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള നഗരസഭ തീരുമാനത്തെ പ്രതിപക്ഷ കൗൺസിലർമാർ ആദ്യം മുതലേ എതിർത്തിരുന്നു. വിഷയം വലിയ വിവാദമായെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നഗരസഭ ഭരണകൂടം ഉറച്ച് നിൽക്കുകയായിരുന്നു.

പാലക്കാട് നഗരസഭ യോഗത്തിൽ ബിജെപി പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്. ഹെഡ്ഗേവാർ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. സംഘർഷത്തിനിടെ ചെയർപേഴ്സണെ കയ്യേറ്റം ചെയ്തതായും ഒരു കൗൺസിലർ കുഴഞ്ഞ് വീണതായും വിവരമുണ്ട്. സ്പെഷ്യൽ സ്കൂളിന് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിഷേധം തുടരുകയാണ്. സ്പെഷ്യൽ സ്കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അതേസമയം, ഭൂരിപക്ഷം ഉണ്ടെന്നും പ്രമേയം പാസാക്കിയെന്നും ചെയർപേഴ്സണ്‍ പ്രതികരിച്ചു.
ആരാണ് ഹെഡ്ഗേവാർ, പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ എന്തിന് തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബിജെപി മാപ്പ് പറയണമെന്നും സിപിഎം കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. അതേസമയം ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർമാരും രംഗത്തെത്തി.
സ്പെഷ്യൽ സ്കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള നഗരസഭ തീരുമാനത്തെ പ്രതിപക്ഷ കൗൺസിലർമാർ ആദ്യം മുതലേ എതിർത്തിരുന്നു. വിഷയം വലിയ വിവാദമായെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നഗരസഭ ഭരണകൂടം ഉറച്ച് നിൽക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭയോഗത്തിൽ വിഷയം അജണ്ടയ്ക്ക് വന്നതോടെ കൗൺസിലർമാർ ഡയസിൽ കയറി പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.
കോൺഗ്രസ്, സിപിഎം കൗൺസിലർമാർ ഹെഡ്ഗേവാർ വിവാദം ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ട് ബിജെപി ഇത് പ്രതിരോധിക്കുന്നതിനായി ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യമുയർത്തി. ഇതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്.