Sabarimala Gold Scam: ശബരിമല സ്വർണ്ണപ്പാളി വിവാദം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തി സ്ട്രോങ് റൂമുകൾ പരിശോധിക്കും
ആകെ 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ ഉള്ളത്. ഈ 18 എണ്ണവും തുറന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ നാളെ ദേവസ്വം വിജിലൻസ് പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം : ശബരിമല സ്വർണ്ണ തട്ടിപ്പ് വിവാദത്തിൽ പരിശോധന ശനിയാഴ്ച നടക്കും. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തിൽ എത്തി പരിശോധന നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത് എത്തുന്നത്. സ്ട്രോങ് റൂമുകൾ തുറന്നു പരിശോധന നടത്തും. കൂടാതെ സ്ട്രോങ്ങ് റൂമുകളിലുള്ള വസ്തുക്കളുടെ കണക്ക് തിട്ടപ്പെടുത്തിയ ശേഷം കൃത്യമായി രജിസ്റ്റർ ആയിട്ട് ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദ്വാരപാലക സ്വർണ്ണപ്പാളിയിൽ രജിസ്ട്രിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കാനായി ഹൈക്കോടതി നിർദ്ദേശം നൽകിയത്. ആകെ 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ ഉള്ളത്. ഈ 18 എണ്ണവും തുറന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ നാളെ ദേവസ്വം വിജിലൻസ് പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം ശബരിമല സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘവും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 2 എസ് ഐ-മാര്‍ ഇന്നലെ വൈകിട്ടോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. വെള്ളിയാഴ്ച വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം തുടങ്ങുക.