Safe Kerala Project: സേഫ് കേരള കട്ടപ്പുറത്തായോ? പരിശോധനയ്ക്ക് പോകാന്‍ ആളുമില്ല വാഹനവുമില്ല!
Safe Kerala Project Implementation Issues: നേരത്തെ ഒരു എംവിഐ 40 ലൈസന്‍സ് മാത്രമാണ് നല്‍കേണ്ടതെന്ന നിബന്ധന വന്നിരുന്നു. ഇതോടെ ഓഫീസ് ഡ്യൂട്ടിയ്ക്കുള്ള ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് എംവിഐമാരെ ഓഫീസ് ജോലിയ്ക്ക് നിയോഗിച്ചു.

എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പ് കൊണ്ടുവന്ന സേഫ് കേരള പദ്ധതി നിശ്ചലം. പദ്ധതിയുമായി ബന്ധപ്പെട്ട് രാത്രിയില്‍ നടക്കുന്ന പരിശോധനകള്‍ ഏതാണ്ട് നിലച്ച മട്ടാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ കുറവും വാഹനസൗകര്യമില്ലാത്തതുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ ഒരു എംവിഐ 40 ലൈസന്‍സ് മാത്രമാണ് നല്‍കേണ്ടതെന്ന നിബന്ധന വന്നിരുന്നു. ഇതോടെ ഓഫീസ് ഡ്യൂട്ടിയ്ക്കുള്ള ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് എംവിഐമാരെ ഓഫീസ് ജോലിയ്ക്ക് നിയോഗിച്ചു. ഇതെല്ലാം റോഡ് പരിശോധനയ്ക്ക് വെല്ലുവിളിയായെന്നാണ് വിവരം.
24 മണിക്കൂറും റോഡ് പരിശോധന നടത്തി 10 വര്‍ഷത്തിനുള്ളില്‍ അപകടങ്ങള്‍ ഇല്ലാതാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ജീവനക്കാരുടെ എണ്ണമനുസരിച്ച് എട്ട് മണിക്കൂര്‍ പരിശോധന സാധ്യമല്ല.
24 മണിക്കൂര്‍ പ്രവര്‍ത്തനം വേണമെങ്കില്‍ 510 എഎംവിമാരും 198 എംവിഐമാരും 14 ജോയിന്റ് ആര്‍ടിഒമാരും പ്രവര്‍ത്തിക്കണം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ എല്ലാ ജില്ലയിലും ഉണ്ടെങ്കിലും അതിന് താഴെ ജോയിന്റ് ആര്‍ടിഒമാരില്ല. കൂടാതെ ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഏകോപിപ്പിക്കേണ്ട ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തസ്തിക കഴിഞ്ഞ എട്ടരമാസമായി ഒഴിഞ്ഞുകിടക്കുകയാണ്.