മെഡിക്കൽ വിദ്യാർഥിനി സാവര്യയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: സഹപാഠിയായ പ്രതിക്ക് എട്ടരവർഷം തടവ്
Savarya Murder Case Uzbekistan Trial Court Verdict: ഹരിപ്പാട് പിലാപ്പുഴ സുപ്രഭാതം വീട്ടിൽ സാവര്യ ബസന്ത് (22) കൊല്ലപ്പെട്ട കേസിൽ, സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) ആണ് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി തടവുശിക്ഷ വിധിച്ചത്. 2026 ജൂലായ് നാലിന് ആണ് സാവര്യ കൊല്ലപ്പെട്ടത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേസിൽ വിധിയുണ്ടായി.
ഹരിപ്പാട്: ഉസ്ബക്കിസ്താനിൽ മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ സഹപാഠിയായ പ്രതിക്ക് എട്ടരവർഷം തടവ് വിധിച്ച് വിചാരണക്കോടതി. ഹരിപ്പാട് പിലാപ്പുഴ സുപ്രഭാതം വീട്ടിൽ സാവര്യ ബസന്ത് (22) കൊല്ലപ്പെട്ട കേസിൽ, സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) ആണ് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി തടവുശിക്ഷ വിധിച്ചത്. 2026 ജൂലായ് നാലിന് ആണ് സാവര്യ കൊല്ലപ്പെട്ടത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേസിൽ വിധിയുണ്ടായി. വധശിക്ഷ നിരോധിച്ച രാജ്യമായ ഉസ്ബെക്കിസ്താനിൽ കൊലപാതകത്തിന് പരമാവധി ശിക്ഷ 10 വർഷം തടവാണ്.
സഹപാഠിയായ പ്രതിക്കു പരമാവധി ശിക്ഷ നൽകാൻ കോടതിയിൽ അപേക്ഷിച്ചിരുന്നതായി സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിൽ വിധി വന്നത്. വാദിഭാഗം അഭിഭാഷകയായ ഉസ്ബക്കിസ്താൻ സ്വദേശിനി ബസന്തിനെ ഫോണിലൂടെ വിധിയുടെ വിവരങ്ങൾ അറിയിച്ചു. കോടതിയുത്തരവ് അടുത്തദിവസം ലഭ്യമാകുമെന്ന് ബസന്ത് പറഞ്ഞു.
ALSO READ: എൽപിഎസ്ടി സമരം: അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് സർക്കാർ ആലോചന
സാവര്യയെ സഹപാഠി സദറുൾ അനം രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചിരുന്നു. ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിയേറ്റ് സാവര്യ കൊല്ലപ്പെട്ടതിന് പിന്നാലെ സദറുൾ അനം അറസ്റ്റിലായി. വീഴ്ചയിൽ പരിക്കേറ്റ സാവര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണോദ്യോഗസ്ഥരുടെ മൊഴികളും പ്രതിക്ക് ശിക്ഷ ലഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.
വിചാരണയുടെ വിവരങ്ങളറിയാൻ ബസന്ത് ഒക്ടോബർ 23-ന് ഉസ്ബെക്കിസ്താനിൽ പോയിരുന്നു. അവിടെ കോടതിയിൽ മൊഴി നൽകി. ബസന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസും സംഭവത്തിൽ കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉസ്ബെക്കിസ്താനിൽനിന്നു ശേഖരിക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയിട്ടുണ്ട്.
ഡിവൈ.എസ്.പി. ടി. മനോജ് ആണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നത്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി വഴി കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാനാണ് ശ്രമം. ഇതിനായുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. സാവര്യയുടെ കുടുംബാംഗങ്ങൾ, ഉസ്ബെക്കിസ്താനിൽ ഒപ്പം പഠിച്ചിരുന്നവർ, പ്രതിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു.
English Summary
A trial court in Uzbekistan has sentenced Sadarul Anam (23) a fellow student and native of Malappuram to eight and a half years in prison in connection with the murder of Savarya Basanth (22), a Malayali medical student in Uzbekistan. Savarya was killed on July 4, 2026. The verdict in the case was delivered just four months later.