Sea Recedes In Kozhikkode: കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു, ആശങ്കയില്‍ ജനം
Sea Recedes In Kozhikkode south beach: ഇതിന് മുമ്പ് ഇത്തരത്തില്‍ ഉണ്ടായപ്പോഴെല്ലാം കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയിലായിട്ടുണ്ട്. ഇത്രയും വലിയ രീതിയില്‍ ദീര്‍ഘനേരത്തേക്ക് കടല്‍ ഉള്‍വലിയുന്നത് അപൂര്‍വമാണ്. കള്ളക്കടല്‍ പ്രതിഭാസമാണോ സംഭവിച്ചതെന്ന് വ്യക്തമല്ല
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. അപൂര്‍വ പ്രതിഭാസം പ്രദേശത്തുണ്ടായിരുന്നവരെ ആശങ്കയിലാഴ്ത്തി. ഒന്നര കിലോമീറ്ററോളം അകത്തേക്ക് കടല്‍ ഉള്‍വലിഞ്ഞെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപ്രതീക്ഷിതമായാണ് കടല്‍ ഉള്‍വലിഞ്ഞതെന്നും സന്ദര്‍ശകര്‍ വ്യക്തമാക്കി. കാരണം വ്യക്തമല്ല. കുറച്ചു ദിവസങ്ങളായി ഇവിടെ കടല്‍ ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും അകത്തേക്ക് പോയിരുന്നില്ല. ഇത്രയും ഉള്ളിലേക്ക് പോകുന്നത് ആദ്യമായാണെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ നിരവധി പേരാണ് സ്ഥലത്തെത്തിയത്.
ഇവിടെ ഇതിന് മുമ്പ് ഇത്തരത്തില്‍ ഉണ്ടായപ്പോഴെല്ലാം കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയിലായിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ രീതിയില്‍ ദീര്‍ഘനേരത്തേക്ക് കടല്‍ ഉള്‍വലിയുന്നത് അപൂര്‍വമാണ്. കള്ളക്കടല്‍ പ്രതിഭാസമാണോ സംഭവിച്ചതെന്ന് വ്യക്തമല്ല.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. സൗത്ത് ബീച്ചിന്റെ ഏകദേശം 100 മീറ്റര്‍ വീതിയിലുള്ള ഭാഗത്തു മാത്രമാണ് ഈ പ്രതിഭാസം സംഭവിച്ചിരിക്കുന്നത്. ബീച്ചിന്റെ മറ്റ് പ്രദേശങ്ങളില്‍ കടല്‍ സാധാരണ നിലയിലാണ്. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചെളി നിറഞ്ഞ നിലയിലാണ്.
Also Read: മഴ ശക്തി പ്രാപിക്കുന്നു! രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; വരും മണിക്കൂറിലും മുന്നറിയിപ്പ്
ജാഗ്രതാ നിർദേശം
അതേസമയം, നാളെ (ഒക്ടോബര്‍ 17) രാത്രി 11.30 വരെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലത്തെ ആലപ്പാട്ട് മുതല്‍ ഇടവ വരെയുമുള്ള തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
നാളെ രാത്രി 8.30 വരെ കന്യാകുമാരിയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയും മുന്നറിയിപ്പുണ്ട്. ഈ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്. 1.1-1.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.